ചിങ്ങവനം: നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും പ്രതിഷേധം തുടരുന്നതിനിടെ ഇന്നും ബസ് സർവീസ് ഭാഗികമായി മുടങ്ങും. സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന് ആരോപിച്ചു നാട്ടുകാർ ബസ് തടഞ്ഞതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. തുടർന്ന് ബസ് ജീവനക്കാർ സർവീസ് നിർത്തിവച്ചതോടെ യാത്രാക്ലേശവും തുടങ്ങി. ഇന്നലെ ചിങ്ങവനം-ഞാലിയാകുഴി റോഡിലാണു സംഭവം.
ബസ് തടഞ്ഞതോടെ ബസുകൾ യാത്രക്കാരെ ഇറക്കിവിട്ട് ഓട്ടം നിർത്തിയിരുന്നു. ചിങ്ങവനം ഞാലിയാകുഴി റോഡിൽ ബസ് കാത്തുനിന്ന യാത്രക്കാർ വലഞ്ഞു. ചിങ്ങവനം ഞാലിയാകുഴി റോഡിലെ റെയിൽവേ ഓവർബ്രിഡ്ജിനുസമീപമുള്ള സ്റ്റോപ്പിലാണ് ഇന്നലെ നാട്ടുകാർ ബസ് തടഞ്ഞത്. സംഭവത്തെ തുടർന്ന് ഞാലിയാകുഴി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
വർഷങ്ങളായി നിലനിന്നിരുന്ന സ്റ്റോപ്പിലാണ് ഇന്നലെ മുതൽ സ്വകാര്യ ബസുകൾ നിർത്തില്ലെന്ന് പിടിവാശിയുമായി രംഗത്തെത്തിയത്. തുടർന്ന് രാവിലെ നാട്ടുകാരുടേയും വ്യാപാരികളുടേയും നേതൃത്വത്തിൽ ബസ് തടഞ്ഞിരുന്നു. തുടർന്നു പോലീസിന്റെ സാന്നിധ്യത്തിൽ ബസുകൾ സ്റ്റോപ്പിൽ നിർത്തിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് ബസുകൾ നിർത്താതെ വന്നതിനെ തുടർന്ന് സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ വീണ്ടും തടഞ്ഞിട്ടു.
തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കി വിട്ട് ബസുകൾ വഴിയിൽ തന്നെ നിർത്തിയിടുകയായിരുന്നു. ഞാലിയാകുഴി റോഡിലെ ഗതാഗതം സ്തംഭിച്ചു. തുടർന്നു പോലീസെത്തി ബസുകൾ മാറ്റി പാർക്ക് ചെയതശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനുശേഷവും പല സ്വകാര്യ ബസുകളും തുടർന്ന് ഓടാൻ തയാറാകാതെ വന്നതോടെ യാത്രക്കാർ വലഞ്ഞു. സംഭവത്തെ തുടർന്ന് ബസ് തടഞ്ഞ പത്തു പേർക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.
ഞായറാഴ്ച ചർച്ച നടക്കും
ചിങ്ങവനം: സ്വകാര്യ ബസുകളുടെ സ്റ്റോപ്പ് ബഹിഷ്കരണം തുടരവേ ഞായറാഴ്ച ബസുടമകളുമായി ചർച്ച നടത്തുമെന്ന് പോലീസ്. ചിങ്ങവനം മാർക്കറ്റിലെത്തേണ്ട യാത്രക്കാർ പോലും എംസി റോഡിൽ ഗോമതിക്കവലയ്ക്കുസമീപമുള്ള സ്റ്റോപ്പിലിറങ്ങേണ്ട ഗതികേടിലായി.