ചിങ്ങവനം: മനസമ്മതദിവസം വരന്റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന മോഷ്ടാക്കളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കുശേഷമാണ് ചിങ്ങവനം മണിമലപറന്പിൽ സാംകുട്ടിയുടെ വീട്ടിൽനിന്ന് മോഷ്ടാവ് ജനലഴി അറുത്ത് വീടിനകത്തുകയറി കവർച്ച നടത്തിയത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ആറു പവന്റെ ആഭരണങ്ങളും, മേശയിലുണ്ടായിരുന്ന 30,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വിരലടയാള വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.വീട്ടിൽനിന്ന് മണംപിടിച്ചു പോയ നായ എതിർ വശത്തുള്ള പറന്പിലൂടെ എംസി റോഡിലെത്തി നിൽക്കുകയായിരുന്നു.
സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങളുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. ഏതാനും ആഴ്ചകൾക്ക് മുന്പു വ്യാപാരി വ്യവസായികൾ ചിങ്ങവനത്ത് നാല് സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. ചിങ്ങവനം ജംഗ്ഷനിൽ നാലു ദിശകളിലേക്കും തിരിച്ചുവെച്ചാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.
ഇതിൽ എംസി റോഡിൽ തെക്കോട്ടു സ്ഥാപിച്ചിട്ടുള്ള കാമറയും സ്റ്റേറ്റ് ബാങ്കിനുസമീപം സ്വകാര്യ വ്യക്തിയുടെ കടയിൽ സ്ഥാപിച്ചിരിക്കുന്ന കാമറയുമാണ് പോലീസ് പരിശോധിക്കുന്നത്. രണ്ടു കാമറകളുടേയും കണ്ണിൽപ്പെടാതെ കുറച്ചു ഭാഗം വരുന്നത് അന്വേഷണത്തെ ബാധിച്ചേക്കും.
ചിങ്ങവനത്തും പരിസരപ്രദേശങ്ങളിലും അടിക്കടി മോഷണങ്ങൾ അരങ്ങേറുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.