ചിങ്ങവനം: ഗവർണറുടെ സുരക്ഷയ്ക്ക് പോയ പോലീസ് സ്പെഷൽ ടീം സ്കൂട്ടർ യാത്രക്കാരന് കൊടുത്തത് എട്ടിന്റെ പണി.ചോഴിയക്കാടു നിന്നും ചാന്നാനിക്കാടുള്ള ബാർബർ ഷോപ്പിലേക്ക് പിതാവിന്റെ സ്കൂട്ടറിൽ മുടി വെട്ടാൻ പോയ യുവാവിനാണ് പോലീസിന് കിടിലൻ പണി കൊടുത്തത്.
ഇന്നലെ രാവിലെ കുന്നത്ത് കടവിലെ റോഡിലൂടെയാണ് യുവാവ് സ്കൂട്ടറിൽ യാത്ര ചെയ്തത്. തിരിച്ചു വീട്ടിലെത്തിയ യൂവാവിന്റെ പിതാവിന്റെ ഫോണിലേക്ക് അധികം വൈകാതെ ഒരു കോൾ വന്നു. താങ്കൾ രാവിലെ 10.32ന് ചാന്നാനിക്കാട് പള്ളി ഭാഗത്തുവച്ച് പോലീസ് കൈ കാണിച്ചിട്ട് നിർത്തിയില്ല.
ഉടൻ ചിങ്ങവനം സ്റ്റേഷനിലെത്തി 1000രൂപ പിഴയടയ്ക്കണം. അല്ലെങ്കിൽ കേസ് എടുത്ത് കോടതിയിൽ കൊടുക്കും.അന്തം വിട്ട പിതാവ് മകനോട് കാര്യം തിരക്കി. പോലീസ് കൈ കാണിച്ചതായി അറിയില്ലെന്നും അവിടെയെങ്ങും പോലീസ് ചെക്കിംഗ് ഉള്ളതായി മനസിലായില്ലെന്നും യുവാവ് പറഞ്ഞു.
ഗൗരവമുള്ള കാര്യമായതിനാൽ പിതാവ് ഉടൻ തന്നെ ചിങ്ങവനം സ്റ്റേഷനിൽ വിളിച്ചു കാര്യം അന്വേഷിച്ചു. ചിങ്ങവനം സ്റ്റേഷനിൽ അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ലെന്നും ഇവിടുത്തെ പോലീസ് അല്ലെന്നും സ്റ്റേഷനിൽ നിന്നും അറിയിച്ചു.
ഗോവ ഗവർണർക്ക് സുരക്ഷ പോയ പോലീസ് സ്പെഷൽ ടീം ആയിരിക്കും എന്നും സ്റ്റേഷനിൽ നിന്നും അറിയിച്ചു.
ഉൗരാക്കുടുക്കിൽ പെട്ടുപോയ വാഹന ഉടമ 1000 രൂപയുമായി തലയൂരാനായി ചിങ്ങവനം സ്റ്റേഷനിലെത്തി. തങ്ങളുടെ നിരപരാധിത്വം സ്റ്റേഷനിൽ അറിയിച്ചതോടെ മനസലിവ് തോന്നിയായിരിക്കണം 500 രൂപയായി കുറച്ചു കൊടുത്തു.
അപ്പോഴും വാഹന ഉടമയുടെ സംശയം പിന്നെയും ബാക്കിയായി. ഇനി ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്നാണോ പോലീസ് കൈ കാണിച്ചത്. അതോ കാണാമറയത്തിരുന്നാണോ.