ചിങ്ങവനം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ ചിങ്ങവനം പോലീസിന്റെ മർദനമേറ്റു പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ സ്വദേശിനിയും പാക്കിൽ ഇല്ലിമൂടിന് സമീപം സ്ഥിരതാമസക്കാരിയായ കല്ലോനിൽ ചന്ദ്രിക(62) ആണ് ചികിത്സ തേടിയത്. അയൽവാസിയുമായി നിലവിലുണ്ടായിരുന്ന വഴിതർക്കത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ചന്ദ്രികയെ മർദിക്കുകയായിരുന്നെന്നാണ് പറയുന്നത്.
ശനിയാഴ്ച രാവിലെ പത്തിനു സ്ഥലത്തെത്തിയ ചിങ്ങവനം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ചന്ദ്രികയുടെ കഴുത്തിനു കുത്തിപ്പിടിച്ച് വീടിനകത്തേക്കു കൊണ്ടു പോകുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ചന്ദ്രിക ഇന്നലെ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തെകുറിച്ച് ചിങ്ങവനം എസ്ഐ അനൂപ് സി.നായർ പറയുന്നതിങ്ങനെ: ചന്ദ്രികയുമായുള്ള വഴിത്തർക്കത്തെ തുടർന്ന് സമീപവാസിയായ അന്നമ്മ മാത്യുവിന്റെ പരാതിയിന്മേൽ താലൂക്ക് സർവേയർ വഴി അളക്കുന്നതിന് വേണ്ടിഎത്തിയപ്പോൾ സംരക്ഷണം കൊടുക്കാനാണ് പോലീസ് എത്തിയത്.
സ്ഥലം അളക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കുകയും അളക്കേണ്ട സ്ഥലം വിറകിട്ട് തീ കത്തിക്കുകയും പോലീസിനെ വടി കൊണ്ടടിക്കുകയും ചെയ്തു. തുടർന്ന് വനിതാ പോലീസിന്റെ നേതൃത്വത്തിൽ ചന്ദ്രികയെ വീടിനുള്ളിൽ ബലമായി പിടിച്ചു കയറ്റി വാതിൽ അടച്ചു പിടിച്ച് വഴി അളക്കുകയുമായിരുന്നു.