ചിങ്ങവനം: ഗതാഗതക്കുരുക്ക് രൂക്ഷമായ ചിങ്ങവനം ചന്തക്കവലയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. എംസി റോഡ് വികസനം പൂർത്തിയായിട്ടും തിരക്കേറിയ ചന്തക്കവലയെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ വന്നു കുരുങ്ങുന്നതോടെ കാൽനട യാത്രയും അസാധ്യമാകുകയാണ്. എംസി റോഡ് വികസനം പൂർത്തിയായിട്ടും ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ലാതെ വന്നതോടെ സദാസമയവും വാഹനങ്ങൾ കുരുക്കിൽ പെടുകയാണ്.
കവലയിൽനിന്നും ഞാലിയാകുഴി റോഡിലേക്കും ചന്തക്കടവിലേക്കും വാഹനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്യുന്പോൾ അമിത വേഗതയിൽ എംസി റോഡിലൂടെ പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിൽ പെട്ട് അപകടങ്ങളും നിത്യസംഭവങ്ങളാണ്.
ഞാലിയാകുഴി റോഡിലേക്ക് തിരിയുന്ന സ്വകാര്യ ബസുകളുടെ ഇടയിൽ പെടുന്ന ചെറുവാഹനങ്ങൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നും രക്ഷപ്പെടുന്നത്. പലപ്പോഴും പോലീസിന്റെ സേവനവും ലഭിക്കുന്നില്ല. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാനാകും.
എന്നാൽ തൊട്ടടുത്തു താരതമ്യേന തിരക്കു കുറഞ്ഞ ഗോമതി കവലയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടും, തിരക്കേറെയുള്ള ചന്തക്കവലയെ ഒഴിവാക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.