മാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി എസ്.എസ്. സീന നാളെ വിധി പറയും.
ചിങ്ങോലി 11-ാം വാര്‍ഡില്‍ തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന് (36), ചിങ്ങോലി ഏഴാം വാര്‍ഡില്‍ കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവരാണ് പ്രതികള്‍. 2020 ജൂലൈ 19ന് രാത്രി 7.30 ന് ചിങ്ങോലി പഴയ വില്ലേജ് ഓഫീസിന് വടക്കുള്ള ബേക്കറിക്കു മുന്നിലാണ് സംഭവം. ഇവിടെ നില്‍ക്കുകയായിരുന്ന ജയറാമിനെ ഹരികൃഷ്ണന് കത്തികൊണ്ട് ഇടതു തുടയില്‍ കുത്തുകയായിരുന്നു.
രണ്ടാം പ്രതി കലേഷ് കൊലപ്പെടുത്താന്‍ സഹായിച്ചെന്നാണ് കേസ്. ജയറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.കരീലക്കുളങ്ങര സിഐ ആയിരുന്ന എസ്.എല്‍. അനില്‍കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. ഒളിവില്‍പോയ പ്രതികളെ പത്തനംതിട്ടയിലെ ബന്ധുവീടിനു സമീപത്തുനിന്നു പിടികൂടി.
കത്തി ഉപേക്ഷിച്ചത് നങ്ങ്യാര്‍കുളങ്ങരക്ക് സമീപം ഫുട്പാത്തിലാണ്. ഓലയിട്ട് കത്തി മറച്ചു. ബൈക്ക് പത്തനംതിട്ടയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ചു. പത്തനംതിട്ടയില്‍ മൊബൈല്‍ വിറ്റു. ബൈക്കും ഫോണും കത്തിയും പോലീസ് പിന്നീട് കണ്ടെടുത്തു. കുറ്റക്കാരെന്നു കണ്ടെത്തിയശേഷം ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന നിഷേധരൂപത്തിലുള്ള മറുപടിയാണ് പ്രതികള്‍ നല്‍കിയത്.
ജയറാമിന്റെ അമ്മ വിലാസിനിയും സഹോദരന് ജയമോനും വിധി കേള്‍ക്കാനായി കോടതിയില്‍ വന്നിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന് ഹാജരാക്കി. ഹരികൃഷ്ണന്റെ ഭാര്യയും പ്രോസിക്യൂഷനുവേണ്ടി സാക്ഷിയായി. 64 രേഖകളും 14 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സജികുമാര്‍ ഹാജരായി.
വിലാസിനിയോട് വിധിയുടെ ക്രൂരത; മകന്റെയും ഭര്‍ത്താവിന്റെയും കൊലപാതകം
മാവേലിക്കര: ഭര്‍ത്താവിന്റെയും മകന്റെയും ദുര്‍മരണങ്ങള്‍ കാണേണ്ടിവന്ന വിലാസിനി മാനസികമായി തളര്‍ന്ന നിലയിലാണ്. 2014 ഏപ്രില്‍ 16നാണ് ഭര്‍ത്താവ് വിക്രമന് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെയാണ് സംഭവം. അയല്‍വാസി മംഗലത്ത് കിഴക്കതില്‍ ഭുവനചന്ദ്രന്റെ മകന് അജയചന്ദ്രനും വിക്രമന്റെയും വിലാസിനിയുടെയും ഇളയ മകന് ജയമോനും തമ്മില്‍ തര്‍ക്കമുണ്ടായി.
ജോലി കഴിഞ്ഞ് സൈക്കിളില്‍ വരികയായിരുന്ന വിക്രമന് തര്‍ക്കത്തില്‍ ഇടപെട്ടു. തുടര്‍ന്ന് അജയചന്ദ്രന് വിക്രമനെയും ജയമോനെയും കത്തികൊണ്ട് കുത്തി. മാരകമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിക്രമന് മരിച്ചു. 58 സ്റ്റിച്ചുകള്‍ ജയമോന്റെ ശരീരത്തില്‍ ഇപ്പോഴുമുണ്ട്. അജയചന്ദ്രനെ പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
അച്ഛന് ബലിയിടാന്‍ പോകുന്നതിന് തലേന്നാണ് ജയറാം കൊല്ലപ്പെടുന്നത്. ഭര്‍ത്താവും മൂത്തമകനും പോയതോടെ വിലാസിനി മാനസികമായി തളര്‍ന്നു. വിലാസിനിയും മകന് ജയമോനും മാത്രമാണിപ്പോള്‍ വീട്ടില്‍. പ്രോസിക്യൂഷനും പോലീസും ആത്മാര്‍ഥമായി കേസ് നടത്തിയെന്നും പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ കിട്ടുമെന്നും വിലാസിനി പറഞ്ഞു.
കൊലപാതകത്തിനു കാരണം ജോലിക്കു വിളിക്കാത്തിനെത്തുടര്ന്നുണ്ടായ തര്‍ക്കം
മാവേലിക്കര: ജോലിക്ക് വിളിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ജയറാമിന്റെ കൊലയിലേക്ക് നയിച്ചത്. പ്രതികളും ജയറാമും സുഹൃത്തുക്കളും നിര്‍മാണ തൊഴിലാളികളാണ്. ഇവരുടെ സുഹൃത്തായ ബിജു, ജയറാമിനെ വിളിക്കാതെ പ്രതികളെ പണിക്കു വിളിച്ചതില്‍ പ്രതിഷേധിച്ച് സംഭവത്തിന്റെ തലേന്നു ജയറാമും ബിജുവുമായി വാക്കേറ്റമുണ്ടായി. ഇതു ചോദിക്കാനാണ് കത്തിയുമായി പള്‍സര്‍ ബൈക്കില്‍ പ്രതികള്‍ ജയറാമിനെ തേടിയെത്തിയത്.
ബൈക്ക് ഓടിച്ച ഹരികൃഷ്ണനാണ് ജയറാമിനെ കുത്തിയത്. പിന്നിലിരുന്ന കലേഷ് ഹരികൃഷ്ണനോട് അവനെ കൊല്ലെടാ എന്നു വിളിച്ചു പറഞ്ഞു. റോഡിലക്കിറങ്ങിച്ചെന്ന ജയറാമിന്റെ ഇടതുകാലിന്റെ മുട്ടിനു മുകളില്‍ തുടയുടെ ഇടതുഭാഗത്താണ് കുത്തേറ്റത്.
ഇടതുകാല് തുളച്ച കത്തി വലതുകാലില്‍ കുത്തിക്കയറി. രക്തം വാര്‍ന്ന നിലയില്‍ പഞ്ചായത്തംഗത്തിന്റെ ഓട്ടോയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.