സ്വന്തം ലേഖകൻ
ചാത്തന്നൂർ: സിപിഐ പ്രതിനിധിയായി ജെ.ചിഞ്ചുറാണി മന്ത്രി പദവിയിലെത്തുമ്പോൾ അത് പാർട്ടിയിൽ മറ്റൊരു ചരിത്രത്തിന് വഴിമാറുന്നു.
കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഐ രുപം കൊണ്ട ശേഷം സിപിഐയിൽ നിന്നും ആദ്യമായി മന്ത്രിയാകുന്ന വനിതയാണ് ചിഞ്ചു റാണി.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയായിരുന്ന സി പി ഐ 1957-ൽ കെ.ആർ.ഗൗരിയമ്മയെ മന്ത്രിയാക്കിയതിന് ശേഷം പിന്നീട് ഒരു വനിതയെ പാർട്ടി മന്ത്രിയാക്കുന്നത് ചിഞ്ചുറാണിയെയാണ്.
നിയമസഭയിലേയ്ക്കുള്ള ആദ്യ അങ്കത്തിൽ തന്നെ പാർട്ടിക്കുള്ളിലെ തന്നെഎതിർപ്പുകളെ മറികടന്ന് വിജയിക്കുകയും മന്ത്രിയാവുകയും ചെയ്യുകയാണ് ചിഞ്ചു റാണി.
ഇവരെ പാർട്ടി സ്ഥാനാർഥിയായി തീരുമാനിക്കുമ്പോൾ ചടയമംഗലം മണ്ഡലത്തിലെ സി പി ഐ യിൽ എതിരുണ്ടാവുകയും വിമത നീക്കങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്തായിരുന്നു നിയമസഭയിലെത്തിയത്.
ചടയമംഗലം മണ്ഡലത്തിൽ നിന്നും വിജയിച്ച് സംസ്ഥാന മന്ത്രിമാരുടെ പിൻഗാമിയായാണ് ഇവർ മന്ത്രിയാകുന്നത്.
സി പി ഐ യുടെ അനിഷേധ്യ നേതാക്കളായിരുന്ന എം.എൻ.ഗോവിന്ദൻ നായർ, ഇ. ചന്ദ്രശേഖരൻ നായർ, മുല്ലക്കര രത്നാകരൻ എന്നിവരാണ് ചടയമംഗലത്ത് നിന്നും ജയിച്ച് മന്ത്രിമാരായത്.
ഭരണ നൈപുണ്യവും സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതികളിലൂടെയും മുൻഗാമികളായ ചടയമംഗലത്തെ പ്രതിനിധീകരിച്ച മന്ത്രിമാർ ജനമനസുകളിൽ ഇടം നേടിയവരാണ്.
മരുമകളായാണ് കൊല്ലം നീരാവിൽ എത്തിയതെങ്കിലും നീരാവിൽ നിന്നുള്ള മൂന്നാമത്തെ മന്ത്രിയാണ് ഇവർ. സി പി ഐ ക്കാരനായിരുന്ന ജെ.ചിത്തരഞ്ജൻ ചാത്തന്നൂരിൽ നിന്ന് ജയിച്ചും കോൺഗ്രസിലെ കടവൂർ ശിവദാസൻ കുണ്ടറയിൽ നിന്നും കൊല്ലത്തു നിന്നും ജയിച്ച് മന്ത്രിമാരായിരുന്നിട്ടുണ്ട്. നീരാവിൽ നിന്നുള്ള അവരുടെ പിന്മുറക്കാരിയായി ഇപ്പോൾ ചിഞ്ചു റാണിയും.
എല്ലാ ജനപ്രതിനിധി സഭകളിലും അംഗമായിട്ടാണ് ഇവർ മന്ത്രി പദവിയിലെത്തുന്നത്. 21-ാം വയസിൽ ഇരവിപുരം ഗ്രാമ പഞ്ചായത്തംഗം.
പിന്നെ ജില്ലാ പഞ്ചായത്തംഗവും വൈസ് പ്രസിഡന്റുമായും കൊല്ലം കോർപ്പറേഷൻ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയായും പടിപടിയായി ഉയർന്നാണ് നിയമസഭയിലെത്തിയത്.
കേരള പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സണായി മാതൃകാപരമായ പ്രവർത്തനം നടത്തിയ ഭരണ പരിചയവും ഉണ്ട്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 17 സി പി ഐ, എം എൽ എ മാരിൽ പാർട്ടിയും ഏറ്റവും ഉയർന്ന ഘടകത്തിലുള്ള രണ്ടു പേരിൽ ഒരാളുമാണ്. കഴിഞ്ഞ മന്ത്രിസഭയിലംഗമായിരുന്ന ഇ.ചന്ദ്രശേഖരനാണ് മറ്റൊരാൾ.
ഒരു ടേം മന്ത്രിയായിരുന്നതിനാൽ പാർട്ടി ഇത്തവണ അദ്ദേഹത്തിന് അവസരം നിഷേധിക്കപ്പെടുകയായിരുന്നു. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗവും കേന്ദ്ര കൗൺസിൽ അംഗവുമാണ് ചിഞ്ചുറാണി.
മഹിളാ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും. പാർട്ടി മാനദണ്ഡമനുസരിച്ച് മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ട ആദ്യ പേരും അവരുടെതായിരുന്നു.