കൊല്ലം : കുട്ടികളിൽ സ്വാശ്രയ ശീലവും സമ്പാദ്യ ശീലവും വളർത്താൻ കഴിയണമെന്നും അതിനാവശ്യമായ പരിപാടികൾ ആവിഷ്ക്കരിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കെ എസ് പി ഡി സി ചെയർപേഴ്സൺ ജെ ചിഞ്ചുറാണി പറഞ്ഞു. മുഖത്തല എം ജി റ്റി എച്ച് എസ്, എൻ എസ് എസ് യു പി എസ് സ്കൂളുകളിൽ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്ത് മുട്ടയുൽപ്പാദനത്തിലും ഇറച്ചിക്കോഴിയുടെ ആഭ്യന്തര ഉൽപ്പാദനത്തിലും നിർണ്ണായകമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കുട്ടികളിൽ കോഴി വളർത്തലിലുള്ള താൽപ്പര്യം വർധിപ്പിച്ച് അവരിൽ സ്വാശ്രയ ശീലവും സമ്പാദ്യ ശീലവും വളർത്തി കോഴിമുട്ട ഉൽപ്പാദനത്തിലൂടെ കുട്ടികൾക്കാവശ്യമായ ഭക്ഷണത്തിൽ മുട്ടയുടെ ലഭ്യത ഉറപ്പാക്കി അർപ്പണ ബോധവും ആരോഗ്യവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനോടൊപ്പം കോഴിവളർത്തൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി പി പ്രദീപ്, പി ഗീതാദേവി, ബീനാറാണി, റ്റി വിജയകുമാർ , എ ഇബ്രാഹിംകുട്ടി, ജിനി ആനന്ദ്, രമാദേവി, വിനോദ് ജോൺ, രവി കല്ലമ്പള്ളിൽ, രാജീവ് കുമാർ, വി ആർ ജയലത, ബി എസ് ബാബുു തുടങ്ങിയവർ പ്രസംഗിച്ചു.