പ്രദീപ് ഗോപി
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ഇനി മലയാളത്തിനു സ്വന്തം.
സംസ്ഥാന കലോത്സവത്തില്‍ കാലങ്ങളായി തിളങ്ങിനില്‍ക്കുന്ന ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കോട്ടയം ചിറക്കടവ് സ്വദേശിയുമായ ചിന്മയി നായരാണ് ആ സിനിമയുടെ സംവിധായിക. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നു ചെയ്യുന്നത് ഇതേ സ്കൂളിലെ ചിന്മയിയുടെ സഹപാഠിയായ പ്രശസ്ത നടി മീനാക്ഷി അനൂപ് ആണ്.
സിനിമയുടെ തിരക്കഥാകൃത്ത് ചിന്മയിയുടെ പിതാവും സംവിധായകനുമായ അനില്‍രാജാണ്. സിനിമയിലെ നായകനായി ഗായകന് വിജയ് യേശുദാസ് എത്തുമ്പോള്‍ കലാഭവന്‍ ഷാജോണ്‍, കലാഭന്‍ പ്രജോദ്, സുധീര്‍, ശ്വേതാ മേനോന് തുടങ്ങി മലയാള സിനിമയിലെ 23 താരങ്ങളും 400 വിദ്യാര്‍ഥികളും അഭിനയിക്കുന്നു.
വ്യവസായികളായ സാബു കുരുവിളയും പ്രകാശ് കുരുവിളയുമാണ് നിര്‍മാതാക്കള്‍. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണു സിനിമ തിയറ്ററുകളിലെത്തിച്ചത്. മയക്കുമരുന്നു മാഫിയയ്ക്കെതിരേയുള്ള പോരാട്ടം കൂടിയാണ് ഈ സിനിമ. ആറു ഗാനങ്ങളാണ് സിനിമയിലുള്ളത്. ഒരു വലിയ സിനിമ തിയറ്ററുകളിലെത്തിച്ച കൊച്ചു സംവിധായികയുടെ വിശേഷങ്ങളിലേക്ക്…
തുടക്കം ഷോര്‍ട്ട് ഫിലിമിലൂടെ
ചേമ്പിലത്തുള്ളി എന്നു പേരുള്ള ഒരു ഷോര്‍ട്ട് മൂവി സംവിധാനം ചെയ്തുകൊണ്ടാണ് ഈ രംഗത്തേക്കുള്ള കടന്നുവരവ്. എന്റെ ജീവിതത്തിലുണ്ടായ ചെറിയൊരു സംഭവം എന്റെ അച്ഛനോടു പറയുകയും അച്ഛന്റെ സഹായത്തോടെ ആദ്യമായി സംവിധായിക ആവുകയുമായിരുന്നു. പിന്നീടു ഗ്രാൻഡ്മ എന്നൊരു ഷോര്‍ട്ട് മൂവി കൂടി ചെയ്തു.
ഇതില്‍ സുധീര്‍ അങ്കിളാ(ഡ്രാക്കുള സുധീര്‍) ണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയിലും അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുണ്ട്. വില്ലന്‍ വേഷത്തില്‍നിന്നു മാറി നല്ലൊരു കഥാപാത്രത്തെയാണ് അങ്കിള്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അച്ഛനില്‍നിന്നു പ്രചോദനം
സിനിമയിലേക്കു വരാന്‍ പ്രചോദനം അച്ഛനാണ്. അച്ഛനൊപ്പം ചെറുപ്പം മുതല്‍ ലൊക്കേഷനിലൊക്കെ പോകുമായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനൊപ്പം സിനിമാ ലൊക്കേഷനില്‍ പോയപ്പോഴാണ് സിനിമയോട് ഒരിഷ്ടം തോന്നിത്തുടങ്ങിയത്.
പിന്നീട് അച്ഛനോട് എന്റെ ജീവിതത്തിലെ ചെറിയ അനുഭവങ്ങള്‍ കഥ പോലെ പറഞ്ഞു. അങ്ങനെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ ഷോര്‍ട്ട് ഫിലിം ചെയ്തു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടാമത്തെ ഷോര്‍ട്ട് ഫിലിമും പുറത്തിറക്കി. പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍തന്നെ ഒരു ഫീച്ചര്‍ ഫിലിമും സംവിധാനം ചെയ്തു തിയറ്ററുകളില്‍ എത്തിക്കാനായി.
ക്ലാസ് ബൈ എ സോള്‍ജിയര്‍
സ്കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ സിനിമ. മീനാക്ഷിയടക്കം നാലു പെണ്‍കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ. എനിക്കും സ്കൂളില്‍ വളരെ അടുപ്പമുള്ള മൂന്നു കൂട്ടുകാരാണുള്ളത്.
ഞാനടക്കമുള്ള ആ നാലു പേരുടെ ഫ്രണ്ട്ഷിപ്പും സ്നേഹബന്ധവുമൊക്കെയാണ് ഈ സിനിമയില്‍ പറയുന്നത്. കഥയെഴുതിയതു ഞാന്‍ തന്നെ. അതിനെ സിനിമാറ്റിക് ആക്കി മാറ്റി തിരക്കഥയൊക്കെ എഴുതിയത് അച്ഛനാണ്. സ്കൂള്‍ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയായതിനാല്‍ ഞാന്‍ പഠിച്ച ചിറക്കടവ് എസ്ആര്‍വി എന്‍എസ്എസ് സ്കൂളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
ഗായകന് നായകനാകുന്ന ചിത്രം
ധനുഷിന്റെ മാരി എന്ന തമിഴ് സിനിമ കണ്ടപ്പേള്‍ അതിലെ വില്ലന്‍ കാരക്ടര്‍ എനിക്കു വളരെ ഇഷ്ടമായി. ഗായകൻ വിജയ് അങ്കിളാണ് മാരിയിലെ വില്ലന്‍ വേഷം ചെയ്തത്.
ഈ സിനിമയുടെ സ്ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഇതിലെ മുഖ്യ കഥാപാത്രമായി മലയാളത്തിലെ പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.
പക്ഷേ, എന്റെ മനസില്‍ വിജയ് യേശുദാസിന്റെ മുഖം മാത്രമായിരുന്നു. അങ്ങനെയാണ് വിജയ് അങ്കിളിലേക്കെത്തിയത്. അച്ഛന്റെ സൂത്രക്കാരന്‍ എന്ന സിനിമയില്‍ വിജയ് അങ്കിള്‍ പാടിയിട്ടുണ്ടായിരുന്നു. അങ്ങനെ അദ്ദേഹവുമായി മുന്‍പരിചയം ഉണ്ടായിരുന്നു.
കുടുംബം
അച്ഛന് അനില്‍രാജ്, അമ്മ ധന്യ ശങ്കര്‍
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ഇനി മലയാളത്തിനു സ്വന്തം. പ്ലസ് ടു വിദ്യാര്‍ഥിനിയും കോട്ടയം ചിറക്കടവ് സ്വദേശിയുമായ ചിന്മയി നായരാണ് ഈ മിടുക്കി.