ലഖ്നൗ: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെ പ്രത്യേകാന്വേഷണസംഘം (എസ്ഐടി) ചോദ്യംചെയ്തു. ഇന്നലെ വൈകുന്നേരം 6.20ന് തുടങ്ങിയ ചോദ്യം ചെയ്യൽ പുലർച്ചെ ഒന്നുവരെ നീണ്ടുനിന്നു. ഏഴു മണിക്കൂർ നീണ്ടുനിന്ന് ചോദ്യം ചെയ്യലിൽ ചി·യാനന്ദ് സഹകരിച്ചതായി അദേഹത്തിന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന്റെ വിശദാംശം പുറത്തുവന്നിട്ടില്ല.
വിവസ്ത്രനായ ചിന്മയാനന്ദിനെ ഒരു പെണ്‍കുട്ടി മസാജ് ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ടെന്ന് പെണ്‍കുട്ടിയുമായി അടുത്തവൃത്തങ്ങൾ പറയുന്നു. പരാതിക്കാരി ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയതാണിത്. “ഇത്തരത്തിൽ 12 വീഡിയോകൾ പകർത്തിയിട്ടുണ്ട്. ചിന്മയാനന്ദ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുഹൃത്തായതിനാൽ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുകയാണ്’’ -പരാതിക്കാരിയുടെ അച്ഛൻ പറഞ്ഞു. ഈ വീഡിയോ കേസിനെ ശക്തിപ്പെടുത്തുന്നതാണെന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ആർ.കെ. ചതുർവേദി പറഞ്ഞു.
അതേസമയം, കേസിലെ തെളിവുകൾ നഷ്ടമായെന്ന് പരാതിക്കാരിയായ നിയമവിദ്യാർഥിനിയുടെ അച്ഛൻ ആരോപിച്ചു. ഒളികാമറ ഘടിപ്പിച്ച രണ്ടു കണ്ണടകളുപയോഗിച്ച് മകൾ ശേഖരിച്ച തെളിവുകൾ ഹോസ്റ്റൽമുറിയിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു. പിന്നീട് കോടതി ഉത്തരവിനെത്തുടർന്ന് മുറി മുദ്രവെച്ചു.
തിങ്കളാഴ്ച അന്വേഷണസംഘം മുദ്രവെച്ച മുറി തുറന്നപ്പോൾ രണ്ടു കണ്ണടകളും നഷ്ടമായിരുന്നെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെയും അച്ഛന്റെയും സാന്നിധ്യത്തിലാണ് മുറിതുറന്നത്. മകളുടെ സുഹൃത്തും പെൻഡ്രൈവിൽ ശേഖരിച്ച തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.