ഷാജഹാൻപുർ(യുപി): ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തീകൊളുത്തി ജീവനൊടുക്കുമെന്ന് അദ്ദേഹത്തിനെതിരേ ലൈംഗികപീഡനാരോപണം ഉന്നയിച്ച പെൺകുട്ടി. താൻ മജിസ്ട്രേട്ടിനു നേരിട്ടു മൊഴികൊടുത്തിട്ടു രണ്ടു ദിവസമായി. ചിന്ദമായനന്ദിനെ അറസ്റ്റ് ചെയ്യുന്നില്ല. സർക്കാർ ഞാൻ മരിക്കാനായി കാത്തിരിക്കുകയാണോ? അങ്ങനെയാണെങ്കിൽ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തും; പെൺകുട്ടി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചിന്ദമയാനന്ദിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി)തയാറാകുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ഇതിനിടെ, ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വാമി ചിന്മയാനന്ദിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി തിങ്കളാഴ്ച ജുഡീഷൽ മജീസ്ട്രേട്ടിനു മൊഴി നല്കിയതിനു പിന്നാലെയാണ് ചിന്മയാനന്ദിന്റെ ശാരീരികാസ്വസ്ഥകൾ സംബന്ധിച്ച വിവരം പുറത്തുവന്നത്.
ചിന്മയാനന്ദ് നേതൃത്വം വഹിക്കുന്ന സംഘടനയുടെ കീഴിലുള്ള കോളജിൽ പഠിക്കവേ ഒരു വർഷം പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടിയുടെ ആരോപണം. പ്രിൻസിപ്പാൾ അടക്കമുള്ള കോളജ് ജീവനക്കാരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. പീഡനം സംബന്ധിച്ച തെളിവായി 43 വീഡിയോകൾ ഉൾപ്പെടുന്ന പെൻഡ്രൈവ് പെൺകുട്ടി കൈമാറിയിട്ടുണ്ട്.