ലഖ്നൗ: പീഡനക്കേസിൽ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് ഷാജഹാൻപൂരിലെ ആശ്രമത്തിൽ നിന്ന് സ്വാമിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചിന്മയാനന്ദ് നഗ്ന ദൃശ്യം പകർത്തുകയും ഭീഷണിപ്പെടുത്തുകയും ഒരു വർഷത്തോളം പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു നിയമ വിദ്യാർഥിനിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിനും ഡൽഹി പോലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴികളിലും വിദ്യാർഥിനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പരാതിക്കാരി രംഗത്തെത്തിയതിന് പിന്നാലെ ഷാജഹാൻപൂരിലെ ആശുപത്രിയിലേക്ക് സ്വാമിയെ മാറ്റിയിരുന്നു. ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ലെങ്കിൽ താൻ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു.
മൊഴി നൽകി 15 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കാത്തത് ചിന്മയാനന്ദിനെ രക്ഷിക്കാനാണെന്നാണ് യുവതിയുടെ ആരോപണം. തുടർന്നാണ് ഇന്നു രാവിലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ പെണ്കുട്ടി 43 വീഡിയോ തെളിവുകൾ ബിജെപി നേതാവിനെതിരെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
ചിന്മയാനന്ദ് ഡയറക്ടറായ ഉത്തർപ്രദേശിലെ ഷാജഹാൻപൂർ എസ്എസ് കോളജ് വിദ്യാർഥിനിയാണ് രണ്ടാഴ്ച മുൻപ് ഫേസ്ബുക്കിലൂടെ പീഡന പരാതി ഉന്നയിച്ചത്. ഇതേത്തുടർന്ന് പെണ്കുട്ടിയെ കാണാതായി. ഇതോടെ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതിയാണ് സംഭവം അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ച് ഉത്തരവിട്ടത്.
എന്നാൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളും ബിജെപി നേതാവിനെ രക്ഷപെടുത്തുന്നതിന് വേണ്ടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചിന്മയാനന്ദ് കഴിഞ്ഞ ദിവസം വരെ ആവർത്തിച്ചത്. പെണ്കുട്ടി നാടകം കളിക്കുകയാണെന്നും ആരോപണങ്ങൾ ഓരോ ദിവസവും മാറുകയാണെന്നും ചിന്മയാനന്ദ് ആരോപിച്ചിരുന്നു.