ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ കേസ് ദുർബലപ്പെടുത്താൻ പോലീസ് ശ്രമിക്കുകയാണെന്ന് പരാതിക്കാരിയായ പെൺകുട്ടി. ചിന്മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പെൺകുട്ടിയുടെ പ്രതികരണം. ലൈംഗിക ബന്ധത്തിന് അധികാരം ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
മാനഭംഗം പോലെയുള്ള കടുത്ത കുറ്റം ചെയ്തിട്ടും അതിന്മേൽ കേസ് രജിസ്റ്റർ ചെയ്യാതെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തിന് അധികാരം ദുർവിനയോഗം ചെയ്തു എന്നാണ് കേസ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം മാനഭംഗം ആകില്ലെന്നും ബിജെപി നേതാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ പ്രതികരണം. എങ്ങനെയാണ് പീഡനത്തിന് ഇരയായതെന്ന് ഇതിനകം താൻ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ചിന്മയാനന്ദിന്റെ അറസ്റ്റിനു പിന്നിലെ പദ്ധതിയെന്താണെന്ന് തനിക്ക് അറിയില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തിയിൽ താൻ സന്തുഷ്ടയല്ലെന്നും പെൺകുട്ടി പറഞ്ഞു.
ചിൻമയാനന്ദിന്റെ സംഘം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ കവർച്ചയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ അറിയുന്ന മൂന്നു പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്കെതിരായ കൂടുതൽ തെളിവുകൾ തങ്ങൾ ശേഖരിക്കുകയാണെന്നും പോലീസ് പറയുന്നു. കവർച്ച കേസുമായി തനിക്ക് ബന്ധമില്ല. ചിന്മയാനന്ദിനെ രക്ഷിക്കാൻ അവർ കെട്ടിച്ചമച്ച കേസാണിതെന്നും പെൺകുട്ടി പറയുന്നു.