കാലുകളുടെ വൈകല്യം സിന്നദുരൈയ്ക്ക് ഒന്നിനും ഒരു തടസ്സമായിരുന്നില്ല ! സ്വന്തം ജീവന്‍ പണയം വച്ച് സ്ത്രീയെ രക്ഷിച്ച അംഗപരിമിതന്‍ പറയുന്നത്…

ചെങ്ങന്നൂര്‍: പ്രളയജലം കുതിച്ചുപാഞ്ഞെത്തിയപ്പോള്‍ ജീവനും കൊണ്ട് പരക്കം പായാനാണ് എല്ലാവരും ശ്രമിച്ചത്. എന്നാല്‍ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് കൈകള്‍ ഉപയോഗിച്ച് നടക്കുന്ന ഒരാളുടെ പ്രവൃത്തി ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്.

കാലുകള്‍ക്ക് സ്വാധീനമില്ലാത്ത സിന്നദുരൈ എന്നയാള്‍ ഒരു സ്ത്രീയുടെ ജീവനാണ് രക്ഷിച്ചെടുത്തത്. രക്ഷിക്കണേ എന്നുള്ള കരച്ചിലാണ് താന്‍ ആദ്യം കേട്ടതെന്നും എന്നാല്‍ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത തനിക്ക് അവരെ രക്ഷിക്കാനാവില്ലെന്നാണ് അവര്‍ കരുതിയതെന്ന് ദുരൈ പറയുന്നു.

ചെങ്ങന്നൂരിലെ ആറാട്ട്പുഴയിലാണ് സംഭവം. വെള്ളം ഉയര്‍ന്ന് വരുന്നത് കണ്ട് ഒരു ചെങ്ങാടം ദുരൈ ഉണ്ടാക്കി. മറ്റുള്ളവരോട് ടെറസില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു. വെള്ളം ഉയര്‍ന്നപ്പോള്‍ ലൈന്‍ കമ്പികളില്‍ പിടിച്ച് താന്‍ അവര്‍ക്കരുകില്‍ എത്തിയെന്നും ചങ്ങാടത്തില്‍ കയറ്റി സ്ത്രീയെ രക്ഷപ്പെടുത്തിയെന്നുമാണ് ദുരൈ പറയുന്നത്.

90 വയസായ അമ്മയ്ക്ക് ഒപ്പം ഒറ്റമുറി വീട്ടിലാണ് ദുരൈ താമസിക്കുന്നത്. പ്രളയത്തിന് ശേഷം വീടിനുള്ളില്‍ നിറയെ ചളി അടിഞ്ഞു. തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇത് വൃത്തിയാക്കാനാകില്ല. താന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടുവെന്നും 46കാരനായ ദുരൈ പറഞ്ഞു.

വെള്ളം ഉയരുന്നത് കണ്ട് ചങ്ങാടം ഉണ്ടാക്കി അയല്‍വാസിയായ സണ്ണിയുടെ ഭാര്യയെയാണ് രക്ഷിച്ചത്. ഹൃദ്രോഗിയായ സണ്ണിക്ക് ഇവരെയും രക്ഷിച്ച് നീന്താന്‍ സാധിക്കില്ലായിരുന്നു, ഇത് മനസിലാക്കിയ ദുരൈ അവരെ രക്ഷപ്പെടുത്തുകയായിരുന്നു.

മഹാപ്രളയം ഏറ്റവും അധികം ബാധിച്ചത് ചെങ്ങന്നൂരിലെ ആറാട്ടുപുഴയെയായിരുന്നു. വന്‍ ദുരന്തമാണ് ഇവിടെയുണ്ടായത്. വീടുകളില്‍ എല്ലാം വെള്ളം കയറി. എല്ലാം നശിച്ചു. പലരുടെയും വീട്ടില്‍ നിന്നും വളര്‍ത്തുമൃഗങ്ങള്‍ ഒഴുകിപ്പോയി.

വീട് ചെളിയില്‍ നിറഞ്ഞു. പലതും തകര്‍ന്നു. നിരവധി പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇപ്പോഴും ആറാട്ട് പുഴ ഭാഗങ്ങളില്‍ പലയിടത്തും വെള്ളം ഇറങ്ങിയിട്ടില്ല.

Related posts