തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറ എസ്റ്റേറ്റ് ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ ബോബിനാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്നാണു സൂചന. ഒളിവിൽപോയ ബോബിനായി പോലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ചിന്നക്കനാൽ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വർഗീസ് പ്ലാന്േറഷൻസിന്റെയും റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ടിന്റെയും ഉടമ കോട്ടയം മാന്നാനം സ്വദേശി രാജേഷ്, തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാൽ സ്വദേശി മുത്തയ്യ എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജേഷിനെ തോട്ടത്തിൽ ഏലച്ചെടികൾക്കിടയിൽ നെഞ്ചിലും തോളിലും വെടിയേറ്റു മരിച്ചനിലയിലും മുത്തയ്യയെ തോട്ടത്തിലെ ഏലക്ക ഡ്രയർ മുറിയിൽ മാരകായുധം ഉപയോഗിച്ചു തലയ്ക്ക് അടിയേറ്റു മരിച്ചനിലയിലുമാണു കണ്ടെത്തിയത്.
ഗ്യാപ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ 40 ഏക്കറോളം വരുന്ന ഏലത്തോട്ടത്തിൽ ഹട്ടുകൾ ആയാണ് രാജേഷിന്റെ റിസോർട്ട് പ്രവർത്തിക്കുന്നത്. മരിച്ച രാജേഷിന്റെ പിതാവ് ഡോ. വർഗീസ് മൂന്നാറിൽ ഹാരിസൻ മലയാളം പ്ലാന്േറഷനിൽ ജോലിചെയ്തിരുന്നപ്പോൾ വാങ്ങിയ തോട്ടത്തിൽ റിസോർട്ട് സ്ഥാപിച്ചതും നടത്തുന്നതും ഇയാളായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരംമുതൽ രാജേഷിനെയും മുത്തയ്യയെയും കാണാനില്ലായിരുന്നു. ബന്ധുക്കൾ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെതുടർന്ന് മുത്തയ്യയുടെ ബന്ധുക്കളും മറ്റു ജോലിക്കാരും നാട്ടുകാരുംചേർന്ന് നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം കാണാതായ റിസോർട്ടിലെ ഡ്രൈവർ ബോബിനായി പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരുന്നു. എസ്റ്റേറ്റിൽനിന്നു കാണാതായ കാർ മുരിക്കുംതൊട്ടി മരിയാഗൊരേത്തി പള്ളിയുടെ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. 143 കിലോഗ്രാം ഉണക്ക ഏലക്കായ ഇയാൾ പൂപ്പാറയിലെ ഒരു കടയിൽ വിറ്റു.
കൊലപാതകത്തിനുശേഷം ഒളിവിൽപോയ ബോബിനു താമസിക്കാൻ സഹായം നൽകിയ ശാന്തന്പാറ ചേരിയാർ സ്വദേശി ഇസ്രവേൽ, ഭാര്യ കപില എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബോബിനെ അറസ്റ്റ് ചെയ്യുന്നത്.