ചിന്നക്കനാൽ നടുപ്പാറ എസ്റ്റേറ്റ് ഇരട്ട കൊലപാതകം കാമുകിയുമായി ജീവിക്കാനായിരുന്നുവെന്ന് മുഖ്യപ്രതി ബോബി. പണം സന്പാദിച്ച് മധുരയിൽ പോയി ജീവിക്കാനായിരുന്നു തീരുമാനമെന്നും പ്രതി മൊഴി നൽകി.
ഇതേകേസിൽ അറസ്റ്റിലായ കപിലയായിരുന്നു ബോബിന്റെ കാമുകി. കൊലപാതകത്തിനുശേഷം ഒളിവിൽപോയ ബോബിനു താമസിക്കാൻ സഹായം നൽകിയ ശാന്തന്‍പാറ ചേരിയാർ സ്വദേശി ഇസ്രവേലിന്റെ ഭാര്യയാണ് കപില. സംഭവത്തിനുശേഷം ഒളിവിൽ പോയ ബോബിനെ തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് പോലീസ് പിടികൂടിയത്.
ചിന്നക്കനാൽ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വർഗീസ് പ്ലാന്റേഷൻസിന്റെയും റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ടിന്റെയും ഉടമ കോട്ടയം മാന്നാനം സ്വദേശി രാജേഷ്, തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാൽ സ്വദേശി മുത്തയ്യ എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജേഷിനെ തോട്ടത്തിൽ ഏലച്ചെടികൾക്കിടയിൽ നെഞ്ചിലും തോളിലും വെടിയേറ്റു മരിച്ചനിലയിലും മുത്തയ്യയെ തോട്ടത്തിലെ ഏലക്ക ഡ്രയർ മുറിയിൽ മാരകായുധം ഉപയോഗിച്ചു തലയ്ക്ക് അടിയേറ്റു മരിച്ചനിലയിലുമാണു കണ്ടെത്തിയത്.