കൊല്ലം:ചിന്നക്കട ടൗണിലെ ലെവൽ ക്രോസ് ഭാഗത്തെ ഓട്ടോസ്റ്റാന്റിന് സമീപമുള്ള വെള്ളക്കെട്ട് യാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു. മഴപെയ്താൽ ആഴ്ചകളോളം ഈ ഭാഗത്ത് വെള്ളം കെട്ടികിടക്കുന്നു. ഇത് വ്യാപാരികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും തലവേദനയാണ്. മലിനജലം കെട്ടികിടന്ന് കൊതുകുവളർത്തൽ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ ചവിട്ടാതെ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.
പൊതുവേ താഴ്ന്ന പ്രദേശമായ ഇവിടേക്ക് മാറ്റുഭാഗങ്ങളിലെ വെള്ളവും ഒഴുകിയെത്തുന്നു. ഈ ഭാഗത്തെ അശാസ്ത്രീയമായ റോഡ് നിർമാണമാണ് വെള്ളം കെട്ടികിടക്കാൻ ഇടയാക്കുതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മഴ ശക്തമായാൽ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ മലിനജലം മുഴുവനും ഇവിടെയാണ് എത്തുന്നത്.
കൂടാതെ സമീപത്തെ ഓടകളിലെയും ശൗചാലയത്തിലെ ടാങ്കുകൾ പൊട്ടിയുള്ള മലിനജലവും കെട്ടികിടക്കുന്നത് ഈ ഭാഗത്താണ്. മാസങ്ങളായി വെള്ളം കെട്ടികിടന്ന് പുഴുക്കളും കൂത്താടികളും നിറഞ്ഞനിലയിലാണ്. ദുർഗന്ധംമൂലം വ്യാപാരികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
നഗരം ശുചിത്വപൂർണമാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾആരോഗ്യവകുപ്പ് നടത്തിവരുന്പോഴാണ് നഗരമധ്യത്തിലെ വെള്ളക്കെട്ട് കാണാതാെ പോകുന്നത്. മലിനജലം ഒഴുക്കിവിടാനുള്ള യാതൊരു നടപടിയും ഉണ്ടാക്കാൻ നഗരസഭയ്ക്കായിട്ടില്ല.
കോർപറേഷൻ ജീവനക്കാർ പാതയോരങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്താനുണ്ടെങ്കിലുംഈ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാറില്ല. ലെവൽ ക്രോസിന് സമീപത്തെ ശൗചാലയത്തിലെ കോൺക്രീറ്റ് സ്ലാബുകൾ പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.