രാജകുമാരി (ഇടുക്കി): മൂന്നാർ ചിന്നക്കനാലിനുസമീപം നടുപ്പാറയിലെ റിസോർട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ സഹായിച്ചെന്നു കരുതുന്ന ദന്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശാന്തൻപാറ ചേരിയാർ സ്വദേശികളായ ദന്പതികളെയാണു ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനു ശേഷം കാണാതായ റിസോർട്ടിലെ ഡ്രൈവർക്കായി പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. കുളപ്പാറച്ചാൽ പഞ്ഞിപ്പറന്പിൽ ബോബിനെയാണു കാണാതായിരിക്കുന്നത്. 143 കിലോഗ്രാം ഉണക്ക ഏലക്കായ ഇയാൾ പൂപ്പാറയിലെ ഒരു കടയിൽ വിറ്റിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എസ്റ്റേറ്റിൽനിന്നു കാണാതായ കാർ മുരിക്കുംതൊട്ടി മരിയാഗൊരേത്തി പള്ളിയുടെ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
ചിന്നക്കനാൽ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വർഗീസ് പ്ലാന്റേഷൻസിന്റെയും റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ടിന്റെയും ഉടമ കോട്ടയം മാന്നാനം കൊച്ചാക്കൽ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്-40), തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റിൽ താമസക്കാരനായ മുത്തയ്യ(50) എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജേഷിനെ തോട്ടത്തിൽ ഏലച്ചെടികൾക്കിടയിൽ നെഞ്ചിലും തോളിലും വെടിയേറ്റു മരിച്ചനിലയിലും മുത്തയ്യയെ തോട്ടത്തിലെ ഏലക്ക ഡ്രയർ മുറിയിൽ മാരകായുധം ഉപയോഗിച്ചു തലയ്ക്ക് അടിയേറ്റു മരിച്ചനിലയിലുമാണു കണ്ടെത്തിയത്. സ്ഥാപനത്തിലെ ഡസ്റ്റർ കാറും ഡ്രൈവറെയും കാണാതായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരംമുതൽ രാജേഷിനെയും മുത്തയ്യയെയും സംബന്ധിച്ചു കുടുംബാംഗങ്ങൾക്കു വിവരമൊന്നും ലഭിക്കാതായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നു വരെ രാജേഷിന്റെ വാട്ട്സ് ആപ് ഓണ് ആയിരുന്നു. പിന്നീട് ബന്ധുക്കൾ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
ഇതേത്തുടർന്നു മുത്തയ്യയുടെ ബന്ധുക്കളും മറ്റു ജോലിക്കാരും നാട്ടുകാരുംചേർന്നു തെരച്ചിൽ നടത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബു എന്നിവരുടെ നിർദേശപ്രകാരം ശാന്തൻപാറ സിഐ എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രാജേഷിന്റെ കാറും മൊബൈൽ ഫോണും രണ്ടുചാക്ക് ഉണക്ക ഏലക്കയും കണ്ടെടുത്തു.
ശാന്തൻപാറ ചേരിയാറിലെ ഒരു വീട്ടിൽ ബോബിൻ ശനിയാഴ്ച രാത്രി താമസിച്ചതായും പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുടമകളായ ദന്പതികളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുമെന്നുമാണ് സൂചനകൾ.
സിഐയുടെ നേതൃത്വത്തിൽ എസ്ഐമാരായ ബി. വിനോദ് കുമാർ, കെ.പി. രാധാകൃഷ്ണൻ, പി.ഡി. അനൂപ്മോൻ എന്നിവർ ഉൾപ്പെട്ട രണ്ടു സ്ക്വാഡുകൾ രൂപീകരിച്ചാണ് അന്വേഷണം. കോട്ടയം ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറി. മുത്തയ്യയുടെ സംസ്കാരം ഇന്നലെ വൈകുന്നേരം പവർഹൗസ് ശ്മശാനത്തിൽ നടത്തി.