ചിന്നക്കനാലില്‍ നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്റെ വികൃതികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇന്ന് ആ കാഴ്ച കണ്ട് സഹതപിക്കുകയാണ് അത് കാണുന്നവരെല്ലാം. കാരണം അവന്‍ ചെറിയ വികൃതികളെല്ലാം കാണിച്ച് അന്ന് തെരുവിലൂടെ മഴ നനഞ്ഞ്, തലങ്ങും വിലങ്ങും ഓടിയത്, അമ്മയെ തേടിയായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാവുന്നത്.
കാരണം പിന്നീടാണ്, ചിന്നക്കനാലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മരപ്പാലത്തിനുസമീപം മലഞ്ചെരുവില്‍ 25 വയസ് പ്രായമുള്ള പിടിയാനയുടെ മൂന്നു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്. അത് ആ ആനക്കുട്ടിയുടെ അമ്മയുടേതായിരുന്നു.
അമ്മയെത്തേടി ഓടുന്നതിനിടയില്‍ എതിരെ വന്ന ഓട്ടോറിക്ഷയുടെ ചുവട്ടില്‍ അവന്‍ പറ്റിച്ചേര്‍ന്ന് നിന്നിരുന്നു. അമ്മയാണെന്ന് തെറ്റിദ്ധരിച്ചായിരിക്കണം അത്. അമ്മയെ നഷ്ടപ്പെട്ട വേദനയായിരുന്നു അവന്‍ പ്രകടിപ്പിച്ചത്. അമ്മ ആന ചെരിഞ്ഞിട്ട് നാലുദിവസമായെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അതിനാല്‍ തന്നെ നാല് ദിവസമായി കുട്ടിയാനയും പട്ടിണിയായിരുന്നു. അതാകാം അവനെ നാട്ടിലെത്തിച്ചത്.
അമ്മയെ നഷ്ടമായ കുട്ടിയാനയെ സിമന്റുപാലത്തെ താല്‍ക്കാലിക കൂട്ടില്‍ താമസിപ്പിക്കുമെന്നും ഇതിനിടെ തള്ളയാനയുടെ സംഘത്തിലുള്ള മറ്റാനകളെത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോകുന്നില്ലെങ്കില്‍ ആനവളര്‍ത്തല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നും വനപാലകസംഘം പറഞ്ഞു.