ചിന്നമ്മ കാത്തിരിക്കില്ല! പടയോട്ടം തുടങ്ങി, ഇനി ലക്ഷ്യം മുഖ്യമന്ത്രിക്കസേര! പ്രതികരിക്കാതെ പനീര്‍ശെല്‍വം

chinnamma

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ  ശശികല നടരാജന്‍ പാര്‍ട്ടിയില്‍ തന്റെ വേരുറപ്പിക്കാനുള്ള ശക്തമായ നടപടികള്‍ തുടങ്ങി. ഏറെ അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടിയുടെ തലപ്പത്ത് നാടകീയമായി എത്തിയ ശശികല ഒരു നിമിഷംപോലും പാഴാക്കാതെ  തന്റെ അപ്രമാദിത്വം തെളിയിക്കാനുള്ള തിരക്കിലാണ്.

എടുപ്പിലും നടപ്പിലുമെല്ലാം ജയലളിതയെ അനുസ്മരിപ്പിക്കുന്ന ശശികല പഞ്ചായത്ത് തലം മുതലുള്ള പാര്‍ട്ടി ഭാരവാഹികളുമയുള്ള കൂടിക്കാഴ്ച  ഇന്നലെമുതല്‍ ആരംഭിച്ചുകഴിഞ്ഞു. റോയപ്പേട്ടയിലുള്ള പാര്‍ട്ടി ആസ്ഥാനത്താണ് മരത്തണ്‍ മീറ്റിംഗുകള്‍ നടക്കുന്നത്. ഒമ്പതാം തീയതി വരെ ഇത് തുടരും. ഇങ്ങനെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ളവരുടെ വരെ കുമ്പിടലും കാലുപിടിത്തവും ഉറപ്പിച്ച് അധികം വൈകാതെ അവര്‍ മുഖ്യമന്ത്രി പദവിയും ഏറ്റെടുത്തേക്കുമെന്നാണ് കരുതുന്നത്.

പാര്‍ട്ടിയിലും സര്‍ക്കാരിലും തങ്ങള്‍ക്കുള്ള മന്ത്രിപ്പദവി അടക്കമുള്ള സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടാതിരിക്കണമെങ്കില്‍ ചിന്നമ്മയെ അംഗീകരിച്ചേ മതിയാവൂ എന്ന തിരിച്ചറിവാണ് പാര്‍ട്ടി നേതാക്കളെ ശശികലയെ പരമോന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ജനറല്‍ സെക്രട്ടറി പാര്‍ട്ടിയിലെ പരമാധികാരി എന്നിനിലയില്‍, കീഴ്‌വഴക്കമനുസരിച്ച് മുഖ്യമന്ത്രിയും അവര്‍തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ചിന്നമ്മ ജനറല്‍സെക്രട്ടറിയാകണം എന്ന് പ്രസ്താവന നടത്താന്‍ മുമ്പ് താമസിച്ചവര്‍ മത്സരിച്ചാണ് ഇപ്പോള്‍ അവര്‍മുഖ്യമന്ത്രിയാവണം എന്ന ആവശ്യമുന്നയിച്ച് രംഗത്തുവന്നുകൊണ്ടിരിക്കുന്നത്.

ശശികല തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ പാര്‍ട്ടിയുടെ ഒരു പരിപാടിയിലും വയ്ക്കുന്ന ഫഌക്‌സുകളിലും മറ്റും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് സ്ഥാനമില്ലാത്ത അവസ്ഥയാണുള്ളത്. ഉള്ളയിടത്തു തന്നെ അത് ധനകാര്യമന്ത്രി, അല്ലെങ്കില്‍ പാര്‍ട്ടി ട്രഷറര്‍ എന്ന വിശേഷണത്തോടെയാണ്. പാര്‍ട്ടി പദവിഏറ്റെടുത്ത ശേഷം എംജി ആറിന് ആദരവര്‍പ്പിക്കാന്‍ ശശികല എത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി അടക്കം എല്ലാ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ട്ടി പുറത്തുവിട്ട പത്രക്കുറിപ്പില്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വത്തിന്റെ പേരുണ്ടായിരുന്നില്ല.

ഏതായാലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ശശികല മുഖ്യമന്ത്രിസ്ഥാനം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പന്നീര്‍ശെല്‍വം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. മാത്രമല്ല, തോല്‍വി സമ്മതിച്ച മട്ടിലാണ് പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാര്‍ പരസ്യങ്ങളിലൊന്നും മുഖ്യമന്ത്രിയുടെ പേരോ ചിത്രങ്ങളോ ഇല്ല. പന്നീര്‍ശെല്‍വം നേരിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിറക്കിയ ഒരു സര്‍ക്കാര്‍ പരസ്യത്തിലും മുഖ്യമന്ത്രിയില്ല. പകരം ഉള്ളത് പാര്‍ട്ടി ട്രഷറര്‍ പന്നീര്‍ ശെല്‍വമാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് ശശികല പാര്‍ട്ടിയുടെ കീഴ് വഴക്കം തെറ്റിക്കില്ല എന്നുതന്നെയാണ്. ഏതായാലും ശശികല ആവശ്യപ്പെടാതെ പന്നീര്‍ശെല്‍വം രാജിവയ്ക്കില്ല എന്നാണ് അറിയുന്നത്.

ഇതിനിടെ ശശികലയെ അടിമുടി വിമര്‍ശിച്ചുവരുന്നവരും ജയലളിതയുടെ സഹോദര പുത്രിയുമായ  ദീപ അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തും എന്ന് ഇന്നലെ അറിയിച്ചിട്ടുണ്ട്. ശശികലയെ അംഗീകരിക്കാത്തവര്‍ തമിഴിനാടിന്റെ വിവിധ ഭാഗങ്ങളില്‍ ശശികലയ്‌ക്കെതിരേ ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ തുടരുന്നുമുണ്ട്.  പതിയെ ഇവ കെട്ടടങ്ങും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ കരുതുന്നതെങ്കിലും ദീപ സജീവമായി രംഗത്തുവരുന്ന പക്ഷം ചില സംഭവവികാസങ്ങള്‍ ഉണ്ടായിക്കൂട എന്നില്ല. ശശികല പാര്‍ട്ടിയുടെ പരമാധികാരി സ്ഥാനം ഏറ്റെടുത്തതോടെ പോയസ് ഗാര്‍ഡനിലെ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇത് ജയലളിതയുടെ മരണത്തോടെ ഗണ്യമായി കുറച്ചിരുന്നു.

Related posts