രാജപുരം: നൂറ്റിമൂന്നാം വയസില്‍ കോവിഡ് ബാധിച്ച വയോധികയ്ക്ക് ദിവസങ്ങള്‍ക്കകം രോഗമുക്തി ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആഹ്ലാദവും ആത്മവിശ്വാസവും പകര്‍ന്നു.
കുടുംബാംഗങ്ങളുടെ സഹായത്തോടെ വയോധികയെ വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ധൈര്യം കാട്ടിയ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആനി തോമസിമാണ് ഇൗ അതിജീവന വിജയത്തിന്റെ മുഴുവന്‍ കൈയടിയും നാട്ടുകാർ നൽകുന്നത്.
പനത്തടി കൊളപ്പുറത്തെ മുതുകാട്ടില്‍ വീട്ടില്‍ ചിന്നമ്മക്കാണ് 103-ാമത്തെ വയസില്‍ കോവിഡ് ബാധിച്ചത്.
മേയ് അഞ്ചിന് മകന് ജോണിനും തുടര്‍ന്ന് മറ്റു കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചതോടെയാണ് ചിന്നമ്മയെയും പരിശോധിച്ചത്.
ഏഴിന് ചിന്നമ്മക്കും രോഗം സ്ഥിരീകരിച്ചു. ഈ പ്രായത്തില്‍ സിഎഫഎല്ടിസികളിലോ ആശുപത്രികളിലോ പ്രവേശിപ്പിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ ജെഎച്ച്ഐ ആനി തോമസ് തയാറായത്.
മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ആസീഫിനോട് കാര്യം സൂചിപ്പിച്ചപ്പോള്‍ ബുദ്ധിമുട്ട് ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ വീട്ടില്‍ത്തന്നെ ചികിത്സിക്കാമെന്നും എല്ലാ സഹായവും ചെയ്യാമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ചിന്നമ്മയ്ക്ക് ഭക്ഷണം കഴിക്കാനുള്ള പ്രയാസം കാരണം ഒരു തവണ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി ഡ്രിപ്പ് നല്‍കിയിരുന്നു. ഇതോടെ ആരോഗ്യം വീണ്ടെടുത്ത് വീണ്ടും വീട്ടിലേക്ക് പോയി.
ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തി ചിന്നമ്മയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തു.
കുടുംബാംഗങ്ങളുടെ സഹകരണവും വലിയ ഗുണം ചെയ്തതായി ആനി തോമസ് പറഞ്ഞു. മാലക്കല്ല് സ്വദേശിനിയായ ആനി പാണത്തൂര്‍ പിഎച്ച്സിയിലാണ് ജോലിചെയ്യുന്നത്. ആശ വര്‍ക്കര്‍ ശ്രീജയും കൂട്ടിനുണ്ടായിരുന്നു.