മാവേലിക്കര: തെക്കേക്കരയിൽ സംസ്കരിക്കാനായി എടുത്ത വയോധികയുടെ മൃതദേഹം പോലീസ് പിടിച്ചെടുത്ത സംഭവത്തിൽ മരണം കൊലപാതകംതന്നെയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) യുടെ മരണമാണ് പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒൻപതോടെ സംസ്കാര ചടങ്ങിനായി എടുക്കാൻ തുടങ്ങിയപ്പോഴാണ് കുറത്തികാട് പോലീസ് എത്തിയത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തു.
സമീപവാസികളുടെ പരാതി
മരണത്തിൽ സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടി സമീപവാസികൾ കൊടുത്ത പരാതിയിലായിരുന്നു നടപടി . പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് പാട് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുമോർട്ടം നടത്താനായി മൃതദേഹം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്ന് ആലപ്പുഴയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇവരുടെ തൈറോയിഡ് ഗ്രന്ഥിക്കു പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യുന്നു
മകനായ സന്തോഷിന്റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകൻ സുനിലും താമസിച്ചു വന്നിരുന്നത്. സംഭവത്തിൽ സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പോലീസ് പറഞ്ഞു.
കുറത്തികാട് സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.