വാഴക്കുളം: ഏകമകളുടെ സാന്നിധ്യമില്ലാതെ ചിന്നൻ ചേട്ടൻ അന്ത്യയാത്രയായി. വാഴക്കുളം നമ്പ്യാപറമ്പിൽ തോമസ് വർഗീസ് (ചിന്നൻ ചേട്ടൻ-70) ആണ് ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൾ വീണയുടെ അസാന്നിധ്യത്തിൽ അവസാനയാത്ര പുറപ്പെട്ടത്.
ഒരുമാസം മുന്പു കോലഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോൾ മകൾ പിതാവിനെ സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഞായറാഴ്ച രാത്രി മരണം സംഭവിച്ചു.
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രാ വിലക്കുള്ളതിനാലാണ് മകൾ വീണയ്ക്കു സംസ്കാരച്ചടങ്ങിന് എത്താനാവാതെ വന്നത്.
വാഴക്കുളത്തുകാർ ചിന്നൻ ചേട്ടൻ എന്നു സ്നേഹപൂർവം വിളിച്ചിരുന്ന തോമസ് നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു.
വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് പ്രസിഡന്റ്, ആവോലി പഞ്ചായത്തംഗം, ആവോലി സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഏതാനും വർഷം മുമ്പ് ശരീരത്തിനു നേരിയ തളർച്ച ബാധിച്ചിരുന്നെങ്കിലും അതിൽനിന്നു വിമുക്തി നേടി തിരിച്ചുവരുന്നതിനിടെ വൃക്കരോഗം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.