മര്യാദയ്ക്ക് റയില്‍വേ നിയമം പാലിച്ചോളൂ…അല്ലെങ്കില്‍ ചിന്നപ്പൊണ്ണിനെ വിളിക്കും പറഞ്ഞേക്കാം;തെരുവുനായ തെറ്റുകാരെ വിറപ്പിക്കുന്ന ചിന്നപ്പൊണ്ണായത് ഇങ്ങനെ…

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ താരം ചിന്നപ്പൊണ്ണാണ്. ചെന്നൈയിലെ പാര്‍ക്ക് ടൗണ്‍ റയില്‍വേ സ്റ്റേഷനിലെ ഈ നായ ഇന്ന് രാജ്യത്ത് തന്നെ ചര്‍ച്ചയാവുകയാണ്. റയില്‍വേ നിയമങ്ങള്‍ തെറ്റിക്കുന്നവരോട് കുരച്ച് ചാടുന്ന ഈ നായ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം എപ്പോഴും കാണും. ആരെങ്കിലും റയില്‍വേ പാളം മുറിച്ചു കടന്നാലും ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്നു യാത്രചെയ്താലുമൊക്കെ ചിന്നപ്പൊണ്ണ് കുരച്ചുകൊണ്ട് പിന്നാലെ ചെല്ലും. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പാണ് ചിന്നപ്പൊണ്ണിന്റെ ഉച്ചത്തിലുള്ള ഈ കുര.

രണ്ടു വര്‍ഷം മുമ്പ് റെയില്‍വേ സ്റ്റേഷനു സമീപം ഉടമ ഉപേക്ഷിച്ചതാണ് ഈ നായ. വീട്ടുടമയുമായുള്ള തര്‍ക്കമാണ് ഇയാള്‍ നായയെ ഇവിടെ ഉപേക്ഷിച്ചുമടങ്ങാന്‍ കാരണമെന്ന് റയില്‍വേ സ്റ്റേഷനിലുള്ള കടയിലെ ജീവനക്കാര്‍ വ്യക്തമാക്കി. ഒരിക്കല്‍ നായയുടെ ഉടമ ഇതിനെ കാണാന്‍ ഇവിടെയെത്തിയിരുന്നു. അന്നാണ് നായയുടെ പേര് ചിന്നപ്പൊണ്ണ് എന്നാണെന്ന് മനസ്സിലായത്. അന്നു മുതല്‍ നായയെ സ്റ്റേഷനിലും പരിസരത്തുമുള്ളവരെല്ലാം ചിന്നപ്പൊണ്ണെന്ന് വിളിച്ചു തുടങ്ങി.

ഇതുവരെ ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കൊന്നും ചിന്നപ്പൊണ്ണ് ഒരു ശല്യമായിട്ടില്ല. കാക്കിയിട്ടവരെ മാത്രമേ നായ പിന്തുടരുകയുള്ളൂ. വന്ന കാലം മുതല്‍ റയില്‍വേ പൊലീസുമായിട്ടാണ് നായയുടെ ചങ്ങാത്തം. ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത രണ്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ചിന്നപ്പൊണ്ണിന്റെ ദൃശ്യങ്ങള്‍ റയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഇപ്പോള്‍ പങ്കുവച്ചിട്ടുണ്ട്. എന്തായാലും ഈ റെയില്‍വേ സ്റ്റേഷനിലൂടെ യാത്ര ചെയ്യുന്നവര്‍ നിയമം പാലിക്കാന്‍ ശ്രദ്ധിക്കുക…അല്ലെങ്കില്‍ അവര്‍ ചിന്നപ്പൊണ്ണിന്റെ കോപത്തിന് ഇരയായേക്കാം എന്നു സാരം.

Related posts