മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പാളപ്പെട്ടി ആദിവാസി കുടിയിൽ നാലുചക്രവാഹനം ആദ്യമായി എത്തി. വനം വകുപ്പിന്റെ വാഹനമാണ് വ്യാഴാഴ്ച കുടിയിൽ എത്തിയത്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടിയിലുള്ള തൊഴിലാളികളാണ് ഏറെ ദുർഘടമായ മലഞ്ചെരുവുകളിലെ ഒറ്റയടിപ്പാത ഗതാഗത യോഗ്യമാക്കിയത്. 36 ദിവസം കൊണ്ടാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്.
കാന്തല്ലൂർ പഞ്ചായത്തിലെ വണ്ണാന്തുറ വരെ മാത്രമാണ് കഷ്ടിച്ച് വാഹനഗതാഗതം നിലവിലുള്ളത്. ഇവിടെ എത്തണമെങ്കിൽപോലും 4 x 4 ഗിയറുള്ള ജീപ്പുകൾക്കു മാത്രമേ കഴിയൂ.
ഇവിടെനിന്ന് എട്ടുകിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് തമിഴ്നാട് അതിർത്തിക്കടുത്ത് പാളപ്പെട്ടികുടി സ്ഥിതിചെയ്യുന്നത്.കുടിയിൽ രോഗം ബാധിച്ചവരെ കമ്പിളിയിൽ കെട്ടി ചുമന്നാണ് ഗതാഗത സൗകര്യമുള്ള സ്ഥലത്ത് എത്തിക്കുന്നത്.
കോവിൽക്കടവിൽനിന്നു പലചരക്ക് അടക്കമുള്ള സാധനങ്ങൾ വാങ്ങി തലച്ചുമടായി കുടിയിലെത്തിക്കണം.പുതിയ റോഡ് നിർമിച്ചതോടെ ഏറെ ആശ്വാസത്തിലാണ് കുടിക്കാർ.
കോവിഡ് കാലത്ത് രോഗികളെ കാടിനു പുറത്ത് എത്തിച്ചിരുന്നത് യുവാക്കൾ ബൈക്കിൽ മുന്നിലും പിന്നിലും ഇരുന്ന് രോഗിയെ നടുവിൽ ഇരുത്തി ആയിരുന്നു.
റോഡ് ഇല്ലാത്തതിനാൽ അപകടം, മരണം എന്നിവയുണ്ടായാൽ മറ്റുള്ളവർക്കു കുടിയിലെത്താനും പുറത്തെത്തിക്കാനും ഏറെ പ്രയാസപ്പെടേണ്ടിവന്നിരുന്നു.
കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ടി .മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ തുടർപ്രവർത്തനങ്ങളാണ് കുടിയിലേക്ക് പാത നിർമിക്കാൻ കാരണമായത്.
ചിന്നാർ വന്യ ജിവി സങ്കേതത്തിലെയും മറയൂർ സാൻഡൽ ഡിവിഷനിലെയും ഉദ്യോഗസ്ഥരുടെ സഹകരണവും ലഭിച്ചത് റോഡ് നിർമാണത്തിന് ഏറെ സഹായമായി. വനം വകുപ്പിന്റെ വാഹനമാണ് ആദ്യം എത്തിയതെങ്കിലും മറ്റ് വാഹനങ്ങളും എത്തുമെന്ന പ്രതീക്ഷയിലാണ് കുടിക്കാർ.