58 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഫലമുണ്ടായില്ല! 450 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടി മരിച്ചു; 245 അടി താഴ്ചയില്‍ കുട്ടിയുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Chinnari_death_250617

ഹൈദരാബാദ്: തെലങ്കാനയിൽ കുഴൽക്കിണറ്റിൽ വീണ 16 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചുവെന്ന് സ്ഥിരീകരിച്ചു. രംഗ റെഡ്ഡി ജില്ലയിലാണ് സംഭവമുണ്ടായത്. 58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ഇന്ന് പുലർച്ചെ ആറിന് അവസാനിപ്പിച്ച ശേഷമാണ് അധികൃതർ കുട്ടി മരിച്ചുവെന്ന കാര്യം സ്ഥിരീകരിച്ചത്. കുട്ടിയെ പുറത്തെത്തിക്കാൻ നിരവധി മാർഗങ്ങൾ രക്ഷാപ്രവർത്തകർ സ്വീകരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.

ഹൈദരാബാദിൽ നിന്നും 60 കിലോമീറ്റർ അകലെ ഇക്കറഡ്ഡിഗുഡ എന്ന ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ട് 7.15 ഓടെയാണ് സംഭവമുണ്ടായത്. സഹോദരിക്കൊപ്പം വീടിന് പുറത്തുകളിച്ചുകൊണ്ടിരുന്ന ചിന്നാരി എന്ന പെണ്‍കുട്ടിയാണ് 450 അടി താഴ്ചയുള്ള കുഴൽക്കിണറ്റിലേക്ക് വീണത്. സംഭവം നടന്ന് അരമണിക്കൂറിനം പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം തുടങ്ങി. എന്നാൽ ഇതൊന്നും കുട്ടിയെ രക്ഷിക്കാൻ പര്യാപ്തമായില്ല. 245 അടി താഴ്ചയിൽ കുട്ടിയുടെ ശരീരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് മരണം സ്ഥിരീകരിച്ചതും തെരച്ചിൽ അവസാനിപ്പിച്ചതും.

കിണറിന് സമാന്തരമായി വലിയ കുഴിയെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ കനത്ത പാറക്കൂട്ടമുള്ള പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും പെയ്തിരുന്നു. കിണറ്റിലേക്ക് ഓക്സിജൻ തുടർച്ചയായി പന്പ് ചെയ്തിരുന്നുവെങ്കിലും ഇതൊന്നും പ്രയോജനം ചെയ്തില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts