കൃത്യമായ ഡ്രെയ്നേജ് സംവിധാനം ഇല്ലാത്തതാണ് അതിനു കാരണം. കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലടക്കം എത്രയോ മത്സരങ്ങള്‍ മഴ തോര്‍ന്നിട്ടും കളിക്കാന്‍ സാധിക്കാതെ ഉപേക്ഷിച്ചിട്ടുണ്ട്. ഇതിനു പരിഹാരം കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കുകയാണ് എം. ചിന്നസ്വാമി സ്റ്റേഡിയം.
ഔട്ട് ഫീല്‍ഡില്‍ വെള്ളം കെട്ടിനിന്ന് കളി തടസപ്പെടുത്താതെ മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റേഡിയം മത്സരയോഗ്യമാക്കുന്ന അത്യന്താധുനിക സംവിധാനം ഇവിടെ പൂര്‍ണ സജ്ജമാണിപ്പോള്‍. ഇന്നു തുടങ്ങുന്ന ടെസ്റ്റിനിടെ മഴ പെയാതാലും മഴതോര്‍ന്ന് മിനിറ്റുകള്‍ക്കകം മത്സരം പുനരാരംഭിക്കാന്‍ സാധിക്കും എന്നര്‍ഥം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് 4.25 കോടി മുതല്‍ മുടക്കിയാണ് പുതിയ ഡ്രെയ്നേജ് സംവിധാനം ഇവിടെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. സബ് എയര്‍ എന്നാണ് ഈ സംവിധാനത്തിന്റെ പേര്.
എന്താണ് സബ്എയര്‍ സിസ്റ്റം?
മഴ പെയ്ത മൈതാനത്തെ വളരെ വേഗം കളിയോഗ്യമാക്കുന്നതിനു മാത്രമായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനമാണ് സബ് എയര്‍. അമേരിക്കയില്‍ വളരെ പ്രചാരത്തിലുള്ളതാണ് സബ് എയര്‍. ഒരു മിനിറ്റില്‍ 10000 ലിറ്റര്‍ വെള്ളം മൈതാനത്തുനിന്ന് നീക്കം ചെയ്യുവാന്‍ ഈ സംവിധാനത്തിനു സാധിക്കുമെന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചീഫ് ക്യുറേറ്റര്‍ പ്രശാന്ത് റാവു ദീപികയോടു പറഞ്ഞു.
സ്റ്റേഡിയത്തിന്റെ വിവിധ ഇടങ്ങളിലായി 12 സെന്സറുകളള് ഘടിപ്പിച്ചിട്ടുണ്ട്. മൈതാനത്ത് എത്രത്തോളം വെള്ളം തങ്ങിനില്ക്കുന്നുണ്ടെന്ന് ഈ സെന്‍സറുകള്‍ വഴി മനസിലാക്കാന്‍ സാധിക്കും. വളരെ ശക്തിയേറിയ വാക്വങ്ങള് വഴി വെള്ളം മുഴുവന്‍ വലിച്ചെടുത്ത് അണ്ടര്‍ഗ്രൗണ്ടിലൂടെ പുറത്തേക്കു പമ്പ് ചെയ്യും.
കൂടാതെ വാക്വങ്ങള് മുഖേന മൈതാനത്തേക്ക് നിശ്ചിത അളവില്‍ ചൂടും ഓക്സിജനും കൊടുക്കാനും സാധിക്കും. അതുകൊണ്ടുതന്നെ മൈതാനത്തെ പുല്ലിന്റെ പച്ചപ്പ് അതുപടി നിലനിര്‍ത്താനും സാധിക്കുന്നു. ഡ്രെയ്നേജിനു മാത്രമായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ മുടക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംവിധാനം വരുന്നതോടെ ഈ ചെലവ് ഇല്ലാതാകുമെന്ന് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ നഷ്ടപ്പെടുന്നത് 80 മുതല്‍ 100 കോടി വരെ രൂപയാണ്. പരസ്യവും മറ്റ് ചെലവുകളും അടക്കമാണിത്. പ്രദേശിക സംഘാടകര്‍ക്ക് നഷ്ടമാകുന്നത് മൂന്നു കോടി രൂപവരെയാണ്. എല്ലാത്തിലുമുപരി കളികാണാനെത്തുന്നവരുടെ നിരാശയും. ഇതൊഴിവാക്കാന്‍ എന്തു ചെയ്യുമെന്ന ആലോചനയിലാണ് കെഎസിഎ സബ്എയര്‍ സംവിധാനം ഉപയോഗിക്കാനുള്ള തീരുമാനമെടുത്തത്.
സബ്എയര്‍ ഘടിപ്പിച്ച ശേഷം നടക്കുന്ന ആദ്യടെസ്റ്റാണ് ഇന്നത്തേത്. മൂന്നു മാസത്തിലേറെ എടുത്താണ് ജറമി റീസിന്റെ നേതൃത്വത്തിലുള്ള സംഘം സബ്എയര്‍ സംവിധാനം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഘടിപ്പിച്ചത്.
പ്രശസ്ത ഫുട്ബോള്‍ സ്റ്റേഡിയമായ വെംബ്ലി, ന്യൂയോര്‍ക്ക് മെറ്റ്സ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ട് എത്തിഹാദ് സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളില്‍ സബ്എയര്‍ സംവിധാനമുണ്ട്.2014ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടന്ന ബ്രസീലിലെ വിവിധ സ്റ്റേഡിയങ്ങളിലും സബ്എയര്‍ ഘടിപ്പിച്ചിരുന്നു. 2018ലെ റഷ്യന്‍ ലോകകപ്പിനായും സബ്എയര്‍ ഉപയോഗിക്കും.