ഷാന്‍ റഹ്മാന്‍ സംവിധാനം ചെയ്ത് ലോകം മുഴുവന്‍ പ്രശസ്തമായ ജിമിക്കി കമ്മല്‍ എന്ന ഗാനം കാരണം പുലിവാല്‍ പിടിച്ചിരിക്കുകയാണല്ലോ ചിന്ത ജെറോം. ഷാന്‍ റഹ്മാന്‍ ഗാനമായ ജിമിക്കി കമ്മലിലെ വരികളെ കീറിമുറിച്ച് വിമര്‍ശിച്ച ചിന്താ ജെറോമിന് ട്രോളോടു ട്രോളാണ് കഴിഞ്ഞ കുറേയേറെ ദിവസങ്ങളായി വന്നുകൊണ്ടിരിക്കുന്നത്. തന്നെ കണക്കക്കറ്റു പ്രഹരിക്കുന്ന ട്രോളന്മാരോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിന്ത ജെറോം, ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ചിന്ത ഈ പ്രതികരണം നടത്തിയത്. ചിന്തയുടെ വാക്കുകള്‍ ഇങ്ങനെ…
‘മാറുന്ന യുവതലമുറ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള 45 മിനിട്ട് ദൈര്‍ഘ്യമുള്ള പ്രസംഗമാണ് ഞാന്‍ അന്ന് നടത്തിയത്. ഒരു മാസം മുമ്പ് കഴിഞ്ഞ സംഭവമാണ്. അതിന്റെ പൂര്‍ണ്ണരൂപം യൂട്യൂബിലുണ്ട്. സമൂഹത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും യുവാക്കള്‍ എത്രമാത്രം മാറിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചുവന്ന കൂട്ടത്തില്‍ രസകരമായി ജിമിക്കി കമ്മലിന്റെ കാര്യം കൂടി പരാമര്‍ശിച്ചതാണ്. പ്രസംഗമാകുമ്പോള്‍ എല്ലാം ഗൗരവത്തില്‍ തന്നെ ആകേണ്ടതില്ലല്ലോ എന്നുകരുതി വളരെ ലളിതമായ ഒരു ഉദാഹരണം എടുത്തതാണ്. എന്നാല്‍ അത് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുമ്പോള്‍ ഈ പാട്ടിനെ വിമര്‍ശിച്ച രീതിയിലാണ് എല്ലാവരും കണകാക്കുന്നത്. കലയെ സമൂഹത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കുന്നത്. സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഉതകുന്നതാകണം എന്നതാണ്. ഇത്തരം ഗാനങ്ങള്‍ ഹിറ്റാകുമ്പോള്‍ അവ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഉതകുന്നതാണോ എന്നാണ് ഞാന്‍ പ്രസംഗിച്ചത്.
പാട്ട് മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അതിനെ വിമര്‍ശിച്ചിട്ടുമില്ല. ജിമിക്കി കമ്മല്‍ ഞാനും ആസ്വദിക്കുകയും താളം പിടിക്കുകയും ചെയ്യുന്ന പാട്ടാണ്. കേരളത്തിന്റെ പുറത്തേക്കും പാട്ട് ഹിറ്റായതില്‍ അഭിമാനമുണ്ട്. എന്നാല്‍ അത് പറയുന്ന സന്ദേശം നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് ചര്‍ച്ച ചെയ്യണമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ രീതിയില്‍ ചര്‍ച്ചയാകുമെന്ന് കരുതിയില്ല. എനിക്കെതിരെ വന്ന ട്രോളുകള്‍ മിക്കതും ഞാന്‍ ആസ്വദിക്കുകയും ചെയ്തു. ശാന്തമീ രാത്രിയില്‍ ആരാണ് അലമ്പുണ്ടാക്കുന്നത് എന്നതുകൊണ്ട് കേസ് കൊടുക്കൂ തുടങ്ങിയ ട്രോളുകള്‍ രസകരവുമാണ്. ട്രോള്‍ ഇറക്കുന്നവരുടെ കഴിവിനെ ബഹുമാനിക്കുന്നു, എത്ര പെട്ടന്നാണ് രസകരമായ ട്രോളുകള്‍ ഇറക്കുന്നത്. എന്നാല്‍ ഞാന്‍ അതിലെ വാക്കിനെയും അക്ഷരങ്ങളെയും ഈ അര്‍ഥത്തില്‍ കീറിമുറിച്ചില്ല. അന്ന് അവിടെ വേദിയിലുണ്ടായിരുന്ന കാണികള്‍ക്ക് മുമ്പില്‍ അവര്‍ തന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംസാരിച്ചത്’. ചിന്താ ജെറോം