എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ! ജിമിക്കി കമ്മലില്‍ മാത്രം പ്രതികരിക്കാനിരിക്കാതെ യുവജനക്ഷേമമേ ഉണരൂ; ചിന്താ ജെറോമിന് കെഎസ്‌യു നേതാവിന്റെ തുറന്ന കത്ത്

യുവജന ക്ഷേമകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിനെ പരിഹസിച്ച് കെ.എസ്.യു നേതാവിന്റെ കത്ത്. സഹപ്രവര്‍ത്തകയായ ഡി.വൈ.എഫ്.ഐ നേതാവിനെ ഭരണപക്ഷ എം.എല്‍.എ പീഡിപ്പിക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ എന്നും അറിഞ്ഞാലും ഒന്നും ഉരിയാടുകയില്ലെയെന്നും കത്തില്‍ ചോദിക്കുന്നു.

കെ.എസ്.യു സംസ്ഥാന സെക്രട്ടറി വരുണ്‍ എം.കെയാണ് ചിന്താ ജെറോമിനെ വിമര്‍ശിച്ച് കത്ത് എഴുതിയത്. ഫേസ്ബുക്കിലൂടെയായിരുന്നു വരുണിന്റെ പ്രതികരണം. ഷൊര്‍ണൂര്‍ എം.എല്‍.എ പി കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വരുണിന്റെ കത്ത്.

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്നത് യുവജനക്ഷേമത്തില്‍ പെടുകയില്ലേയെന്നും ചിന്തയുടെ ചിന്ത എന്തേ ഇക്കാര്യത്തില്‍ ഉണരാത്തതെന്നും കത്തില്‍ ചോദിക്കുന്നു.

ജിമിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കാനും കത്തില്‍ പറയുന്നു. യുവജനക്ഷേമമേ ഉണരൂ എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കത്തിന്റെ പൂര്‍ണ്ണരൂപം:

യൂത്ത് കമ്മീഷന്‍ ചെയര്‍പേഴ്സന്‍ ചിന്ത ജെറോം അറിയാന്‍ എഴുതുന്നത്…പാലക്കാട് ഷൊര്‍ണൂരില്‍ ഒരു ഭരണപക്ഷ എം.എല്‍.എ താങ്കളുടെ സഹപ്രവര്‍ത്തകയായ DYFI നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഖാക്കള്‍ പറഞ്ഞറിയാന്‍ വഴി ഇല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയും,പരമാവധി ഒരു ദൃശ്യമാധ്യമ ചാനലില്‍ നിന്നെങ്കിലും അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു…

അതോ താങ്കള്‍ അറിഞ്ഞിട്ടും അറിയാതെ പോലെ ഭാവിക്കുന്നതാണോ…!? ഇനി എങ്ങാനും അറിഞ്ഞാലും എന്നും ഉരിയാടുകയില്ലേ…!? ഒരു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കുന്നത് ഇനി യുവജന ക്ഷേമത്തില്‍ പെടുകയില്ലേ…!?

പിന്നെ എന്താണ് താങ്കള്‍ യുവജന ക്ഷേമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്…!? ഒരു സഹ പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ചിട്ടും ജിമിക്കിയും കമ്മലിലും മാത്രം പ്രതികരിക്കാതെ ഇതിലും പ്രതികരിക്കു…! എന്തേ ചിന്തേ നിന്റെ ചിന്ത ഉണരാത്തേ..! യുവജനക്ഷേമമേ ഉണരൂ…!

വരുണ്‍ എം.കെ
(കെ.എസ്.യു സംസ്ഥാന സെക്രട്ടറി)

Related posts