ചിന്ത ജെറോം എന്നാല്‍ ഇന്ന് മലയാളികള്‍ക്ക് ചിരിക്കാനൊരു കാരണമാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ റിലാക്സേഷല് ട്രോളുകള്‍ രണ്ടു കൈയുംനീട്ടി സ്വീകരിച്ച ചിന്ത ജെറോം എന്ന സിപിഎം നേതാവ് ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ വിഴുങ്ങുകയാണ്. താന്‍ ജിമുക്കി കമ്മലിനെ വിമര്‍ശിച്ചിട്ടില്ലെന്നും ആ പാട്ട് താനേറെ ആസ്വദിക്കാറുണ്ടെന്നുമാണ് അവരുടെ പുതിയ നിലപാട്. സ്ത്രീകളെ കളിയാക്കുന്നതില്‍ നാണക്കേടില്ലേയെന്ന ചോദ്യമുയര്‍ത്തി സൈബര്‍ സഖാക്കളും ചിന്തയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിക്കിടെയാണ് ചിന്ത നിലപാട് മാറ്റിയത്. താന്‍ പറയാത്ത കാര്യങ്ങള്‍ അടര്‍ത്തി മാറ്റി നാണംകെടുത്തുകയാണ് ആളുകള്‍ ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. യുവാക്കളെ സംസ്കാരത്തില്‍ നിന്നും വഴി തെറ്റിക്കുന്നതും ദുര്ബലരാക്കുന്നതുമായ പലവിധ കാരണങ്ങള്‍ പറഞ്ഞ് അതിലൊന്നായി ജിമിക്കിക്കമ്മല് പാട്ടിനെ ഉദാഹരിക്കുകയായിരുന്നു ചിന്ത ചെയ്തത് എന്ന് ചാനല്‍ അവതാരകന് പറയുന്നു. അങ്ങനെ വരുമ്പോള്‍ ഈ പാട്ട് ആസ്വദിക്കുന്നത് തെറ്റ് എന്നല്ലേ അര്‍ഥം എന്നും ചോദ്യം. ഇതിന് ചിന്ത മറുപടി പറയുന്നത് ഇങ്ങനെ.
കല കലയ്ക്ക് വേണ്ടി മാത്രമല്ല, പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നത് ആയിരിക്കണമെന്ന ചിന്തയാണ് തനിക്കെന്ന് ചിന്ത പറയുന്നു. പൊന്നരിവാള്‍ അമ്പിളിയില്, ബോബ് മാര്‍ളി സംഗീതം തുടങ്ങിയവയാണ് ഇത്തരത്തില്‍ ചിന്ത ജെറോം പുരോഗമന ഗാനങ്ങളായി കാണുന്നത്. എന്ന് കരുതി മറ്റ് പാട്ടുകളൊന്നും ഇവിടെ പാടില്ലേ എന്ന് മറുചോദ്യം. എന്തായാലും സിപിഎം അനുകൂലികള്‍ വലിയതോതില്‍ ചിന്തയെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.