ചീമേനി: പേര് തുറന്ന ജയിലെന്ന് ്തന്നെയാണ്. എന്നാലും ഒരു മതിലും മറയുമൊന്നുമില്ലാതെ ഇങ്ങനെ തുറന്നുകിടക്കുമ്പോള്‍ പ്രായോഗിക പ്രശ്നങ്ങള്‍ ഒരുപാടാണ്.
308 ഏക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പില്‍ തടവുകാരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് വ്യാപകമായി കൃഷി നടത്തുന്നുണ്ടെങ്കിലും എപ്പോഴും ഏതു വഴിയിലൂടെയും കടന്നുവരാവുന്ന വന്യമൃഗങ്ങള്‍ എല്ലാം കുത്തിക്കിളച്ച് അലമ്പാക്കുന്നത് പ്രധാന പ്രശ്നം.
തുറന്ന ജയിലിലെ തടവുകാരാണെങ്കിലും ഒരു സ്വകാര്യത കിട്ടുന്നില്ലെന്ന പ്രശ്നം വേറെയും.
ജയിലിങ്ങനെ വിശാലമായി തുറന്നുകിടക്കുന്നത് കണ്ട് പുറത്തുനിന്നും ആര്‍ക്കു വേണമെങ്കിലും കയറിവരാനും ആരുടെയും കണ്ണില്‍ പെടാതെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അത്യാവശ്യം മോഷണവും നടത്താനും കഴിയുമെന്ന സാധ്യത വേറെയുമുണ്ട്.
അതുകൊണ്ട് ഞങ്ങള്‍ക്കും വേണം ചുറ്റുമതിലെന്ന് പറഞ്ഞ് ചീമേനി തുറന്ന ജയില്‍ അധികൃതര്‍ ഏതാനും വര്‍ഷം മുമ്പ് ജയില്‍ വകുപ്പ് മുഖേന പൊതുമരാമത്ത് അധികൃതരെ സമീപിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് ജയില്‍ വളപ്പിനു ചുറ്റും എട്ടു കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ പണിയാന്‍ നാലു കോടി രൂപയുടെ വിശാലമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുകയും ചെയ്തു.
എത്രകാലം ചപ്പാത്തി വിറ്റാലാണ് ഇത്രയും പണമുണ്ടാക്കാന്‍ കഴിയുകയെന്നും പറഞ്ഞ് ജയില്‍ വകുപ്പ് അധികൃതര്‍ അതോടെ ആ ഫയല്‍ മടക്കിവച്ചു.
അപ്പോഴാണ് ജയില്‍ വളപ്പില്‍ നിന്നുതന്നെ വെട്ടിയെടുക്കുന്ന ചെങ്കല്ല് ഉപയോഗിച്ച് തടവുകാരുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ മതില് നിര്‍മിക്കാമെന്ന ആശയം ജയില്‍ സൂപ്രണ്ട് അശോകന് അരിപ്പ മുന്നോട്ടുവയ്ക്കുന്നത്. ഇതിന് വകുപ്പിന്റെ അംഗീകാരവും ലഭിച്ചു.
അനുബന്ധ ചെലവുകള്‍ക്കായി ഒരു ലക്ഷം രൂപയും അനുവദിച്ചുകിട്ടി. നിര്‍മാണ ജോലികള്‍ അറിയാവുന്ന തടവുകാരും ആവേശത്തോടെ മുന്നോട്ടുവന്നു.
പണിയറിയാത്തവരെ പഠിപ്പിച്ചെടുക്കുന്ന കാര്യവും അവരേറ്റു. അത്യാവശ്യത്തിന് പുറത്തുനിന്നുള്ള വിദഗ്ധ ജോലിക്കാരുടെ മേല്‍നോട്ടവും തേടി.
ഇങ്ങനെ ആദ്യഘട്ടമായി 850 മീറ്റര്‍ നീളത്തിലുള്ള മതിലിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.
പരീക്ഷണം വിജയകരമായതോടെ അടുത്തഘട്ടം പ്രവൃത്തി ആരംഭിക്കാന്‍ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.
അങ്ങനെ ഘട്ടംഘട്ടമായി എട്ടുകിലോമീറ്റര്‍ ദൂരത്തിലും മതില് പൂര്‍ത്തിയാക്കാനാണ് പദ്ധതി.
ഞങ്ങളുടെ ശിക്ഷാകാലാവധി കഴിയുന്നതിനുമുമ്പ് സെന്‍ട്രല്‍ ജയിലിനെ വെല്ലുന്ന മതില് തന്നെ ഇവിടെ നിര്‍മിച്ചുതരാമെന്ന വാഗ്ദാനവുമായി തടവുകാരും ഒപ്പമുണ്ട്.
പുറമേയ്ക്ക് മതിലുകെട്ടിയാലും തുറന്ന ജയിലില്‍ മനസ്സും നിയമങ്ങളും തുറന്നുതന്നെ ഇരിക്കുമെന്ന ഉറപ്പ് എന്നുമുണ്ടെന്ന് അധികൃതരും പറയുന്നു.