ഷൊർണൂർ: ഉപയോഗിച്ച എണ്ണകൊണ്ടുള്ള പാചകം വ്യാപകമായിട്ടും പരിശോധന നടക്കുന്നില്ലെന്നു പരാതി. ഒരിക്കൽ ഉപയോഗിച്ച എണ്ണയുടെ ബാക്കി കളയാതെ മറ്റു പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്. മുഴുവൻ ഹോട്ടലുകളിലും ചിപ്സ്, വറുത്ത പലഹാരങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനു ഉപയോഗിച്ച എണ്ണയാണ് കടകളിൽ വീണ്ടും ഉപയോഗിക്കുന്നത്.
ഈ എണ്ണയിൽ പുതിയ എണ്ണ ഒഴിച്ചാണ് പാചകം ചെയ്യൽ. പരസ്യമായി വറുത്ത സാധനങ്ങൾ പാകംചെയ്യുന്ന കടകളിൽപോലും ആളുകൾ നോക്കിനില്ക്കേ പുതിയ എണ്ണ ഇതിലേക്ക് ഒഴിക്കുന്നതു പതിവു കാഴ്ചയാണ്. ആഹാരപദാർഥങ്ങൾ വറുക്കാനും പൊരിക്കാനും ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
ഉയർന്ന താപനിലയിൽ എണ്ണ തിളയ്ക്കുന്നതോടെ ഘടനയിൽ മാറ്റം വരും. എണ്ണയിൽ പാകംചെയ്യുന്ന ഭക്ഷ്യവസ്തുവിലെ ഘടകങ്ങൾ ചേരുന്നതിലൂടെയുമാണ് ഈ മാറ്റം ഉണ്ടാകുന്നത്. വീണ്ടും ചൂടാക്കുന്പോൾ എണ്ണയുടെ ഘടകങ്ങളിൽ ഭൗതിക രാസമാറ്റവും വരും. നിശ്ചിത അളവിൽ കൂടുതലാണ് ടോട്ടൽ-പോളാർ കോന്പൗണ്ട്സ്. ഇത് ഹൈപ്പർ ടെൻഷൻ, അൽഷിമേഴ്സ്, കരൾരോഗങ്ങൾ എന്നിവ പിടിപെടുമെന്ന് ഉറപ്പാണ്.
വൻകിട ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന കന്പനികളിൽനിന്നും ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ തട്ടുകടകളിലേക്കും ചെറുകിട ഹോട്ടലുകളിലേക്കും എത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഉപയോഗിച്ച എണ്ണ ചെറുകിട ഹോട്ടലുകളിലെയും ഭക്ഷ്യസാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥലത്തേക്കും എത്തിക്കുന്ന ഇടനിലക്കാരും വ്യാപകമായിട്ടുണ്ട്.
വറുത്ത എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതു പിടികൂടാനും അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി. ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചാൽ മാത്രമേ പ്രശ്ന പരിഹാരമാകൂ