വിഴിഞ്ഞം: വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ മർദിച്ചവശയാക്കിയ ഭർത്താവ് അറസ്റ്റിൽ.
വിഴിഞ്ഞം കിടാരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ സുജയുടെ പരാതിയിലാണ് ഭർത്താവ് സാജനെ (41) പോലീസ് അറസ്റ്റു ചെയ്തത്.
ഭാര്യയെ ചിരവകൊണ്ട് മർദിക്കുന്നതിനിടെ ആക്രമണം തടയാനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന മക്കളെയും ഇയാൾ മർദിച്ചതായി പരാതിയിൽ പറയുന്നു.
ഏതാനും ദിവസം മുൻപ് വിഴിഞ്ഞം മുള്ളുവിളക്കടുത്ത് സുജയും കുടുംബവും 25000 രൂപ അഡ്വാൻസിലും 3000 രൂപ മാസ വാടകയ്ക്കുമായി താമസിക്കാൻ ഒരു വീട് ഏർപ്പാടാക്കിയിരുന്നു.
ഇതിന്റെ അഡ്വാൻസ് ഇന്നു വൈകുന്നേരം നൽകണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. സുജ ഇത് സാജനെ അറിയിച്ചു.
ഇതിനിടയിൽ സുജയുടെ വൃക്കകളിലൊന്ന് ഒൻപത് ലക്ഷം രൂപയ്ക്ക് വിൽക്കുന്നതിന് തൃശൂരിലെ ഒരു ഏജന്റുമായി സാജൻ കരാർ ഉണ്ടാക്കിയിരുന്നു.
ഇതനുസരിച്ച് വേണ്ട പരിശോധനകൾ നടത്തി കഴിഞ്ഞ 25 ന് ഇവർ തിരികെയെത്തിയിരുന്നു. ബാങ്കിലൂടെ പണമിടാമെന്ന് ഏജന്റ് ഉറപ്പും നൽകിയിരുന്നു. ഈ പണത്തിൽ നിന്ന് 25000 വീടിന് അഡ്വാൻസ് കൊടുക്കാനായിരുന്നു പദ്ധതിയെന്ന് സുജ പറഞ്ഞു.
എന്നാൽ രഹസ്യമാക്കി വച്ചിരുന്ന വൃക്ക വിൽപ്പനക്കാര്യം വീട്ടമ്മ സ്ഥലത്തെ ജനപ്രതിനിധിയെ ധരിപ്പിച്ചു.
വൃക്ക നൽകിയാലുള്ള ശാരീരിക ബുദ്ധിമുട്ടുകളും നിയമക്കുരുക്കുകളും അറിഞ്ഞതോടെയാണ് ദൗത്യത്തിൽ നിന്ന് പിൻമാറാൻ ഇവർ തയാറായത്.