പൊൻകുന്നം: ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പ് കാര്യങ്ങളിൽ പോലീസ് ഇടപെടരുതെന്ന് ഹൈക്കോടതി നിർദേശം. മുൻവർഷം നടത്തിയ ഇടപെടലിനെതിരെ ഹിന്ദുഐക്യവേദി നൽകിയ ഹർജിയിലാണിത്.
സിപിഎം – ആർഎസ്എസ് സംഘർഷ സാധ്യത കണക്കിലെടുത്ത് മുൻവർഷം പോലീസ് ഉത്സവാലങ്കാരങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വോളണ്ടിയേഴ്സ് പോലീസിന്റെ പാസ് എടുക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഈ വർഷത്തെ ഉത്സവം തുടങ്ങാനിരിക്കെയാണ് കോടതിയെ സമീപിച്ചത്.
ഉത്സവം നടത്തുന്നത് ശ്രീമഹാദേവ സേവാസംഘവും ഭക്തജനങ്ങളും ആണെന്നും പോലീസിന് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ ആഘോഷങ്ങളെ പോലീസ് നിയന്ത്രിക്കേണ്ടെന്നും പരാമർശിച്ചു.
മുൻ വർഷങ്ങളിലേതുപോലെ ഇക്കഴിഞ്ഞ ദിവസവും ഉത്സവത്തിന് മുന്നോടിയായി സർവ്വകക്ഷിയോഗം ചേരാൻ ഡിവൈഎസ്പി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ യോഗം നടന്നില്ല. ഹിന്ദുഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് അനിൽ മാനന്പള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരനുവേണ്ടി അഡ്വ. ആർ. കൃഷ്ണരാജ് കോടതിയിൽ ഹാജരായി.