ചാത്തന്നൂർ: മത്സ്യോല്പാദനത്തിൽ സ്വയം പര്യാപ്തതയിലേയ്ക്ക് നീങ്ങുന്ന ചിറക്കര ഗ്രാമപഞ്ചായത്തിൽ മത്സ്യകർഷകരെ സഹായിക്കാനായി വിപണിയൊരുക്കി.
ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മത്സ്യ കർഷക ക്ലബ് എന്നിവ ചേർന്ന് ആണ് വാട്സാപ്പ് ഗ്രൂപ്പ് വഴി വിപണനം നടത്തിയത്. ചിറക്കര കൃഷിഭവന് സമീപത്തായിരുന്നു ചെമ്മീൻ വിപണി. ഫിഷറീസ് വകുപ്പിന്റേയും ഗ്രാമ പഞ്ചായത്തിന്റേയും സഹകരണത്തോടെ 300-ലേറെ കർഷകർ 700 ഹെക്ടർ സ്ഥലത്താണ് മത്സ്യകൃഷി നടത്തിയത്.
ലോക്ക്ഡൗൺ കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന രാസവസ്തുക്കൾ ചേർത്തും പഴകിയതുമായ മത്സ്യങ്ങൾക്ക് പകരം ഗ്രാമ പഞ്ചായത്തിൽ ഉല്പാദിപ്പിച്ച വിഷ രഹിതമത്സ്യം ലഭിച്ചത് നാട്ടുകാർക്ക് ആശ്വാസമായി.
നെടുങ്ങോലം മാലാക്കായലിൽ വളർത്തിയ കാര ചെമ്മീനാ (ടൈഗർ ചെമ്മീൻ) ണ് വില്പനക്കെത്തിച്ചത്. വിളവെടുപ്പിന് പാകമായെങ്കിലും ലോക്ക്ഡൗൺ അകലം വിപണി കണ്ടെത്താൻ കഴിയാതിരുന്ന കർഷകർക്ക് ഇത് ആശ്വാസമായി.
പ്രസന്നൻ, ബാബു എന്നീ കർഷകരുടെ അറുനൂറ് കിലോ ചെമ്മീനാണ് ആദ്യ ദിവസം തന്നെ വില്പന നടന്നത്.കായലിലും കുളങ്ങളിലും സിമന്റ്് ടാങ്കുകളിലും മത്സ്യകൃഷി നടത്തുന്നുണ്ട്. ചിറക്കര പഞ്ചായത്തിൽ .ജി.എസ്.ജയലാൽ എംഎൽഎ വിപണനം ഉദ്ഘാടനം ചെയ്തു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ദിപു, വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, സ്ഥിരം സമിതി അധ്യക്ഷൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം രാംകുമാർ രാമൻ, കാർഷിക ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ ഷിബുകുമാർ, കൃഷി ഓഫീസർ ഷെറിൻ എ.സലാം, കോർഡിനേറ്റർ സിമി രഞ്ജിത്ത്, ടെക്നിക്കൽ അസിസ്റ്റന്റ് ഷൈൻ എന്നിവർ പങ്കെടുത്തു.