ആലപ്പുഴ: പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കളുടെ നിർമാണത്തിൽ നിന്നും മാറി ചിരട്ടയിൽ കരവിരുതിന്റെ സർഗവസന്തം തീർത്ത് ആര്യാട് സ്വദേശി. നോർത്ത് ആര്യാട് പുത്തൻപുരയ്ക്കൽ കെ.ജെ.പോളാണ് ചിരട്ടയുപയോഗിച്ച് കൗതുകമൊളിപ്പിക്കുന്ന ശിൽപ്പങ്ങൾ തീർത്ത് വ്യത്യസ്തനാകുന്നത്.
കേവലം ആറു മാസം മുന്പ് ചിരട്ടകൾ കൊണ്ട് കൗതുക വസ്തുക്കൾ നിർമിക്കാനാരംഭിച്ച പോൾ ഇതിനോടകം വൈവിധ്യമാർന്ന നിരവധി നിർമിതികളാണ് പൂർത്തീകരിച്ചത്. ആരും ഒന്നു നോക്കി നിൽക്കുന്ന ചിരട്ടയിൽ തീർത്ത ഭീമൻ നിലവിളക്ക്, ചിറക് വിടർത്തി പറക്കാനൊരുങ്ങുന്ന തുന്പി, ഭീമാകാരനായ ഉറുന്പ്, പക്ഷിമൃഗാദികൾ, പഞ്ചവാദ്യമേളം നടത്തുന്നവർ, ചെടിച്ചട്ടിയും പൂക്കളും, അലങ്കാര വിളക്കുകൾ എന്നിവയാണ് കേവലം മാസങ്ങൾക്കുള്ളിൽ പോൾ നിർമിച്ചത്.
ചിരട്ടയ്ക്കൊപ്പം പശയുപയോഗിച്ചാണ് നിർമാണത്തിലേറെയും. ചിരട്ട നിലവിളക്ക് നിർമിക്കാനാണ് സമയമേറെയെടുത്തത് ഒരു മാസത്തോളമെടുത്താണ് ഈ നിലവിളക്ക് പൂർത്തീകരിച്ചത്. പിതാവ് ജോണിൽ നിന്നുമാണ് പോൾ ചിരട്ട ശിൽപ നിർമാണ കല സ്വായത്തമാക്കിയത്.
നേരത്തെ സ്വകാര്യ സുരക്ഷാ ഏജൻസിയിൽ ജീവനക്കാരനായിരുന്ന പോൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഈ ജോലി ഉപേക്ഷിച്ചാണ് ചിരട്ട ശിൽപ നിർമാണ രംഗത്ത് സജീവമായത്. ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ച ഓണം വിപണന മേളയിൽ പോളിന്റെ സ്റ്റാളിൽ നിരവധി ആളുകളാണ് ഉദ്ഘാടന ദിവസം തന്നെ ചിരട്ട ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനുമെത്തിയത്.