ആലപ്പുഴ:അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ.
പട്ടണക്കാട് കറുകയിൽ വീട്ടിൽ രാജപ്പനെ (50) കൊലപ്പെടുത്തിയ അയൽവാസി കറുകയിൽ വീട്ടിൽ ഉദയനെ (61) യാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എസ്. ശശികുമാർ ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2012 നവംബർ നാലിനാണ്. അതിർത്തിവേലി കെട്ടുന്നതിനെ തുടർന്ന് നിലനിന്നിരുന്ന വിരോധമാണ് കൊലപാതക കാരണമെന്നാണ് പട്ടണക്കാട് പോലീസ് ചാർജ് ചെയ്ത കേസിൽ പറയുന്നത്.
സംഭവ ദിവസം രാജപ്പൻ കെട്ടിയ വേലി ഉദയൻ തള്ളി മറിച്ചിടുകയും തുടർന്ന് വാക്കേറ്റമുണ്ടാക്കുകയും ചെയ്തു. ഉദയൻ ചിരവ കൊണ്ട് രാജപ്പനെ അടിച്ചതിനെ തുടർന്നു രാജപ്പൻ മരിച്ചുവെന്നുമായിരുന്നു കേസ്.
കേസിലെ 20 സാക്ഷികളിൽ 14 പേരെ വിസ്തരിച്ചു. ചിരവ കണ്ടെടുത്തപ്പോഴുള്ള സാക്ഷി കൂറുമാറി.18 രേഖകൾ തെളിവായി സ്വീകരിച്ചു. പ്രതി പിഴയടച്ചില്ലങ്കിൽ നാലു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
പിഴത്തുക കൊല്ലപ്പെട്ട രാജപ്പൻ്റെ വിധവ പെണ്ണാച്ചിക്ക് നൽകണമെന്നു വിധിയിൽ പറഞ്ഞിട്ടുണ്ട്. രാജപ്പൻ്റെ അവകാശികൾക്ക് നിയമ സംരക്ഷണം നൽകാൻ ജില്ല നിയമസഹായ വേദിക്ക് കോടതി നിർദേശവും നൽകിയിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി. വിധു ഹാജരായി.