ചിറയിൻകീഴ്: പെരുങ്ങുഴിയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എഫ്സിഐ ഗോഡൗണിന് സമീപം പുത്തൻവീട്ടിൽ വിഷ്ണു (21) വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുഹൃത്ത് ഉൾപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. പെരുങ്ങുഴി ഇടഞ്ഞുംമൂല സ്വദേശികളും സഹോദരൻമാരുമായ രാജ് സൂര്യൻ, രാജ് സംക്രാന്ത്.
ഇവരുടെ സുഹൃത്തുക്കളായ മുഹമ്മദ് ആഷിക്ക്, സുനൂസ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ചോദ്യം ചെയ്തപ്പോൾ പോലീസിനോട് വെളിപ്പെടുത്തി.
മറ്റു പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. വിഷ്ണുവിന്റെ സുഹൃത്തും പ്രതികളിൽ ഒരാളുമായ രാജ് സൂര്യൻ എന്ന യുവാവിന്റെ ഫോണ് ഹാക്ക് ചെയ്തെന്ന സംശയമാണ് മർദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് അറസ്റ്റിലായ യുവാക്കൾ പോലീസിനോട് പറഞ്ഞു.
മൈസൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിവരികയായിരുന്നു വിഷ്ണുവും പെരുങ്ങുഴി സ്വദേശിയായ രാജ് സൂര്യൻ എന്ന യുവാവും. രാജ് സൂര്യന്റെ ഫോണിലെ മെസ്സേജുകൾ അയാളുടെ മാതാവിനോട് വിഷ്ണു പറഞ്ഞതാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൈസൂരുവിൽ വച്ചുണ്ടായ വിരോധമാണ് വിഷ്ണുവിനെ നാട്ടിലെത്തിച്ച് മർദ്ദിക്കാൻ ഇടയാക്കിയതെന്നാണ് പ്രതികൾ പോലീസിനോട് വ്യക്തമാക്കിയത്.