തൃക്കരിപ്പൂർ: ചന്തേര ജനമൈത്രി പോലീസിന്റെ ഇടപെടലിലൂടെ മധുരങ്കൈയിലെ ചിരി അമ്മയ്ക്ക് ഇനി പിലാത്തറ ഹോപ്പിലാവും ഊണും ഉറക്കവും. കഴിഞ്ഞദിവസം ബീറ്റിനിടയിലാണ് മധുരങ്കൈയിലെ ഇവരുടെ പരിസരവാസികൾ ആരുടെയും പരിചരണമില്ലാതെ കഴിയുന്ന80 കഴിഞ്ഞ പി.വി. ചിരിയുടെ ജീവിതാവസ്ഥ ചന്തേര പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിനെ അറിയിച്ചത്.
ഭർത്താവുമായി ബന്ധമൊഴിവാക്കിയശേഷം വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണ് താമസം. രണ്ടുവർഷം മുമ്പുവരെ അയൽവീടുകളിൽ കയറി ഇറങ്ങിയിരുന്ന ഇവർ ഇപ്പോൾ ജേ്യഷ്ഠ സഹോദരിയുടെ മകൻ പി.വി. നാരായണൻ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കഴിച്ച് വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്.
പ്രാഥമികകാര്യങ്ങൾ നിർവഹിക്കാനും മറ്റും കഴിയാതെ വന്നതോടെ കുടുംബശ്രീ പ്രവർത്തകരായ എ. സക്കീന, എം. സരിജ എന്നിവർ ചന്തേര ജനമൈത്രി പോലീസിന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. പിലാത്തറ ഹോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി ചന്തേര എസ്ഐ വിപിൻചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.വി. പ്രദീപൻ, സുരേശൻ കാനം എന്നിവരും മധുരങ്കൈയിലെത്തിയിരുന്നു.