അരുണ്‍ ടോം
കോവിഡ് കാലത്ത് വരുമാനം നിലച്ച് ജീവിതത്തിന്മേല് ഇരുള്വീണുപോയ സ്ത്രീകളെ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരാന്‍ സഹായിക്കുകയാണ് ചിരിക്കൂട്ടമെന്ന വാട്സ്ആപ് കൂട്ടായ്മ. ഹോമിയോ ഡോക്ടറും കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. ജിഷ മേരിയാണ് ഈ കൂട്ടായ്മയുടെ പിന്നില്‍. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ഒത്തുകൂടുന്നയിടമെന്ന് ഒറ്റവാക്കില്‍ പറയാം.
കൂട്ടായ്മയിലെ സ്ത്രീകളുടെ വിവിധ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുകയും ആ കഴിവിനെ വരുമാനമാക്കി മാറ്റുവാന്‍ സഹായിക്കുകയും ചെയ്യുകയാണ് ചിരിക്കൂട്ടം ചെയ്യുന്നത്. എറണാകുളം ജില്ലയിലെ ആലുവ ചൂണ്ടിയില്‍ നിന്ന് തുടങ്ങിയ ഈ കൂട്ടായ്മയില്‍ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി വനിതകളാണുള്ളത്.
കോവിഡ് കാലത്ത് വരുമാനം നിലച്ച് തകര്‍ച്ചയുടെ വക്കിലെത്തിയ നിരവധി കുടുംബിനികളെ തിരികെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുനടത്താന്‍ സാധിച്ചുവെന്നതാണ് ഈ കൂട്ടായ്മയുടെ വിജയവും.
’ചിരിക്കൂട്ടം’ പിറവിയെടുക്കുന്നു
ക്ലിനിക്കില്‍ വരുന്ന സ്ത്രീകളില്‍ പലരും തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന അവഗണനകളും മാനസീകപീഢനങ്ങളും ഡോ. ജിഷയുമായി പങ്കുവയ്ക്കാറുണ്ട്. കോവിഡ്കാലത്ത് ഇത്തരത്തില്‍ മനസ് തുറക്കുന്നവരുടെ എണ്ണം കൂടിവന്നു.
ഭൂരിപക്ഷം പേരുടെയും പ്രധാനപ്രശ്നം സ്വന്തമായി വരുമാനമില്ലാത്തതുകൊണ്ട് കുടുംബങ്ങളില്‍ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. കഴിവുകളുള്ള സ്ത്രീകള്‍ക്ക് അത് വളര്‍ത്തുവാന്‍ ആരുടെയും പിന്തുണ ലഭിച്ചതുമില്ല.
തയ്യല്‍, എംബ്രോഡറി ജോലികള്‍, ആഭരണനിര്‍മ്മാണം, കേക്ക് നിര്‍മ്മാണം, കേറ്ററിംഗ്, പലഹാര നിര്‍മ്മാണം തുടങ്ങിയ നിരവധിയായ ചെറുതുംവലുതുമായ സ്വയം തൊഴില്‍ കണ്ടെത്തി ചെയ്തിരുന്നവരുടെ തൊഴില്‍ ലോക്ഡൗണ്‍ കാലത്ത് എന്നന്നേക്കുമായി നിലച്ചു.
നിലച്ചത് വീണ്ടും തുടങ്ങുവാനും മാര്‍ക്കറ്റ് കണ്ടെത്തുവാനും സാധിക്കാതെ പലരും മാനസികമായി തകര്‍ന്നു. ഈ തകര്‍ച്ചയില്‍ നിന്ന് ഇവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഏകമാര്‍ഗം വിപണി കണ്ടെത്തി വീണ്ടും തൊഴിലിന് പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു.
ക്ലിനിക്കില്‍ വരുന്നവര്‍ ചോദിക്കുന്ന പൊതുചേദ്യങ്ങള്ക്ക് ഉത്തരം ചെറുകുറിപ്പുകളായോ വീഡിയോകളായോ നല്കുവാന് വേണ്ടി തുടങ്ങിയ വാട്ട്സ് ആപ് കൂട്ടായ്മയുണ്ടായിരുന്നു. ഇതില്‍ നിന്നാണ് എന്തുകൊണ്ട് കോവിഡ് കാലത്ത് വരുമാനം നിലച്ച് ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ഡോ. ജിഷയുടെ മനസില്‍ ഉദിക്കുന്നത്.
കൂട്ടായ്മയുടെ പ്രവര്‍ത്തനം
പരസ്പരം പരിചയമുള്ളവര്‍ക്ക് മാത്രമേ ഈ ഗ്രൂപ്പില്‍ പ്രവേശനമുള്ളൂ. കേരളത്തില്‍ എവിടെയുള്ളവര്‍ക്കും ഗ്രൂപ്പില്‍ അംഗമാകാം പക്ഷേ ഗ്രൂപ്പില്‍ ഒരുപരിചയക്കാരി വേണം. വ്യാജന്മാര് കയറി ഗ്രൂപ്പ് നശിപ്പിക്കാതെയിരിക്കാനാണ് ഈ നിബന്ധന.
അംഗങ്ങള്‍ക്ക് തങ്ങള്‍ ഉണ്ടാക്കുന്ന എന്തും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാം അത് അംഗങ്ങള്‍ മറ്റ് ഫ്രണ്ട്സ്, ഫാമിലി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യും. ഇത് ഉത്പന്നങ്ങള്‍ വിറ്റുപോകുവാന്‍ വലിയ ഒരു മാര്‍ക്കറ്റ് സൃഷ്ടിക്കുന്നു. ഗ്രൂപ്പിലെ അംഗങ്ങള്‍ ആദ്യം വാങ്ങി ഉപയോഗിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷമായിരിക്കും മറ്റുഗ്രൂപ്പിലേയ്ക്ക് ഇത് ഷെയര്‍ ചെയ്യുക. സാംപിള്‍ ഉത്പന്നങ്ങള്‍ക്ക് പോലും പണം നല്‍കിയാണ് ഗ്രൂപ്പ് അംഗങ്ങള്‍ വാങ്ങുക.
ആരുടെയും കൈയില്‍ നിന്ന് ഒന്നും ഫ്രീയായി വാങ്ങില്ലയെന്നത് ചിരിക്കൂട്ടത്തിന്റെ പോളിസിയാണ്. എല്ലാ ശനിയാഴ്ചകളിലും അംഗങ്ങള്‍ക്ക് 40മിനിറ്റ് നേരമുള്ള സൂം മീറ്റിംഗ് ഉണ്ടായിരിക്കും. ഇതില്‍ അംഗങ്ങളില്‍ ഒരാള്‍ ക്ലാസ് എടുക്കും. തങ്ങളുടെ ജീവിതത്തിലെ പരാജയങ്ങള്‍,വിജയങ്ങള്‍,സ്വപ്നങ്ങള്‍,പുതിയ ആശയങ്ങള്‍ തുടങ്ങിയവയായിരിക്കും വിഷയം.
ക്ലാസ് എടുക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് ചിരിക്കൂട്ടം സ്റ്റാര്‍ ഓഫ് വീക്ക് അവാര്‍ഡും നല്‍കും. ഇത് മറ്റ് അംഗങ്ങള്‍ക്ക് അത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കുന്നുണ്ട്. പലരും ജീവിതത്തില്‍ ഒരു മിഠായിപോലും സമ്മാനം കിട്ടാത്തവരായിട്ടുണ്ട്. അവര്‍ക്ക് അവാര്‍ഡ് ഫലകം കൈകിട്ടുമ്പോള് ഉണ്ടാകുന്ന സന്തോഷവും അത്മവിശ്വസവും മുന്നോട്ട് ഓടാനുള്ള കരുത്താണ് പകരുന്നതെന്ന് ഡോ. ജിഷ പറയുന്നു.
ക്ലാസിനെക്കുറിച്ചുള്ള പോസ്റ്ററുകള്‍ ക്ലാസിന് രണ്ടുദിവസം മുന്നേ മറ്റ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യും. സാമ്പത്തിക ശേഷിയില്ലാത്തവര്‍ മുതല്‍ സര്‍ക്കാര്‍ ജോലിക്കാര്‍ വരെയുണ്ടെന്നാണ് ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. ഗ്രൂപ്പംഗങ്ങള്‍ പരസ്പരം മിസ് എന്നാണ് സംബോധന ചെയ്യുക.
പുതിയ ചുവടുവയ്പ്പ്
കുറഞ്ഞ കാലംകൊണ്ട് അംഗങ്ങളില്‍ നിര്‍ധരരായ പലരുടെയും കുടുംബങ്ങളിലെ പ്രധാന വരുമനം ഇന്ന് ചിരിക്കൂട്ടം വഴി കണ്ടെത്തിയ വിപണികളാണ്. ഉത്പന്നനങ്ങളുടെ ക്വാളിറ്റി കണ്ടിട്ട് വലിയ കടകളില്‍ നിന്ന് വരെ വലിയതോതില്‍ ഓര്‍ഡറുകള്‍ കിട്ടുന്നുണ്ട്.
ഈ കൂട്ടായ്മയുടെ വിജയം കണ്ടിട്ട് സാമ്പത്തിക സഹായവുമായി എത്തിയവരോട് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരു വിപണി മാത്രമാണ് ഡോ. ജിഷയും കൂട്ടരും അവശ്യപ്പെട്ടത്. കഴിഞ്ഞ മാസം അംഗങ്ങള്‍ ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ വച്ച് മിനിഎക്സ്പോ നടത്തിയിരുന്നു. ഇത് വന്‍വിജയമായതോടെ. ഈ മാസം വലിയ ഒരു എക്സ്പോ തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് ഡോ. ജിഷ മേരിയും കൂട്ടരും.