ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെ താണ്ഡവം. ധാക്ക ഡൈനാമിറ്റ്സിനെതിരായ ലീഗ് ഫൈനലിൽ റെക്കോഡ് സെഞ്ചുറിയാണ് ഗെയിൽ അടിച്ചുകൂട്ടിയത്.
രംഗ്പുർ റൈഡേഴ്സിനായി 69 പന്തിൽനിന്നു 146 റണ്‍സ് അടിച്ചുകൂട്ടിയ ഗെയിൽ 18 സിക്സറുകൾ പറത്തി. ഗെയിലിന്റെ മികവിൽ ടീം ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റണ്‍സാണെടുത്തത്. ബ്രണ്ടൻ മക്കല്ലത്തിനൊപ്പം രണ്ടാം വിക്കറ്റിൽ 201 റണ്‍സ് ഗെയിൽ കൂട്ടിച്ചേർത്തു.
ഒരു ട്വന്റി 20 ലീഗ് ഫൈനലിൽ ഇത് റിക്കാർഡാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ധാക്കയെ 149/9 എന്ന സ്കോറിൽ എറിഞ്ഞൊതുക്കി 57 റണ്‍സിന്റെ വിജയം നേടാനും രംഗ്പുർ റൈഡേഴ്സിനായി. നേരത്തെ ഖുൽനാ ടൈറ്റൻസിനെതിരെയും ഗെയിൽ ശതകം കണ്ടെത്തിയിരുന്നു.
സെഞ്ചുറി നേട്ടത്തോടെ ട്വന്റി 20 ക്രിക്കറ്റിൽ 11,000 റണ്‍സ് എന്ന നാഴികക്കല്ലും ഗെയിൽ പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനാണു ഗെയിൽ. 309 മത്സരങ്ങളിൽനിന്ന് 8526 റണ്‍സുള്ള ബ്രണ്ടൻ മക്കല്ലമാണ് രണ്ടാം സ്ഥാനത്ത്. ഫൈനലിലെ സെഞ്ചുറി നേട്ടത്തോടെ ട്വന്റി 20 ക്രിക്കറ്റിൽ 20 സെഞ്ചുറി എന്ന നേട്ടവും ഗെയിൽ സ്വന്തം പേരിലെഴുതി. വെസ്റ്റ്ഇൻഡീസിനു വേണ്ടി ട്വന്റി 20 യിൽ രണ്ടു സെഞ്ചുറി നേടിയിട്ടുള്ള ഗെയിൽ ബാക്കിയുള്ള സെഞ്ചുറിയെല്ലാം നേടിയിട്ടുള്ളത് ലീഗ് മത്സരങ്ങളിലാണ്.
മത്സരത്തിൽ ഗെയിൽ അടിച്ച 18 സിക്സറുകളും റിക്കാർഡാണ്. 2013ൽ ഐപിഎലിൽ ബാംഗളൂർ റോയൽ ചലഞ്ചേഴ്സിനായി കളിക്കവെ പൂന വാരിയേഴ്സിനെതിരേ ഒരു മത്സരത്തിൽ ഗെയിൽ 17 സിക്സറുകൾ നേടിയിരുന്നു.