കല്യാണി (ബംഗാൾ): നൈജീരിയക്കാരൻ ചിസം എൽവിസ് ചിക്കത്താറയുടെ ഹാട്രിക് മികവിൽ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്സിക്കു വന്പൻ ജയം.
ഡ്യൂറൻഡ് കപ്പിൽ സീസണിലെ ആദ്യ ഹാട്രിക്കിലൂടെ ചിസം ഗോകുലത്തിന്റെ ചീസ് ആയി. അതോടെ ആസാം റൈഫിൾസിനെ 7-2ന് തകർത്ത് നിലവിലെ ചാന്പ്യന്മാരായ മലബാറിയൻസ് ക്വർട്ടറിലേക്കു മുന്നേറി. ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണു ഗോകുലത്തിന്റെ നോക്കൗട്ട് പ്രവേശനം.
തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലം, 36-ാം സെക്കൻഡിൽ ചിസം എൽവിസിലൂടെ ലീഡ് നേടി. 52, 72 മിനിറ്റുകളിലും ഗോൾ സ്വന്തമാക്കിയ നൈജീരിയൻ താരം ഹാട്രിക്ക് പൂർത്തിയാക്കി. ഗോവൻ താരം ബെനസ്റ്റോണ് ബാരറ്റൊ (2’, 45+2’) ഇരട്ട ഗോൾ സ്വന്തമാക്കി.
ഘാന താരം റഹീം ഒസുമാനു (34’), കണ്ണൂരിൽനിന്നുള്ള കെ. സൗരവ് (60’) എന്നിവരും ഓരോ ഗോൾ വീതം നേടി. റഹീം ഒസുമാനു തുടർച്ചയായ മൂന്നാം മത്സരത്തിലാണു ലക്ഷ്യം നേടുന്നത്.
ക്വാർട്ടറിൽ ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസിനെ നേരിടും. ഡി ഗ്രൂപ്പിൽിന്ന് രണ്ടാം സ്ഥാനക്കാരായി ആർമി റെഡും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് വീതമാണു ഗോകുലത്തിനും ആർമി റെഡിനും. എന്നാൽ, ഗോൾ ശരാശരിയിൽ കേരള ടീം ഗ്രൂപ്പ് ചാന്പ്യന്മാരായി.
ഇന്നു നടക്കുന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഉറപ്പിക്കാനായി ഡൽഹിയെ നേരിടും. ബംഗളൂരു എഫ്സിയും ഇന്ത്യൻ നേവിയും തമ്മിലാണു മറ്റൊരു പോരാട്ടം. ഗ്രൂപ്പിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.