കോട്ടയം: മത്സ്യ-മാസാംദികളുടെ വില വർധിച്ചതിനാൽ ഇത്തവണയും ക്രിസ്മസ് വിരുന്നിനു ചെലവേറും. ക്രിസ്മസിന് ഏറ്റവും കൂടുതൽ ചെലവാകുന്ന പോത്തിറച്ചിയുടെ വില ഏകീകരണം ജില്ലയിൽ ഇതുവരെ നടക്കാത്തതിനാൽ ഇത്തവണയും പോത്തിറച്ചിക്ക് തീവിലയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പല വിലയാണ് ഇത്തവണയും. 360 മുതൽ 380 രൂപ വരെയാണ് ഒരു കിലോ പോത്തിറച്ചിക്ക്.ചിലയിടങ്ങളിൽ 400 രൂപയും വാങ്ങുന്നുണ്ട് പന്നിയിറച്ചിക്ക് 280 രൂപയാണ്.
ആട്ടിറച്ചിക്ക് കിലോയ്ക്ക് 700 രൂപവരെയായി.പോത്തിറച്ചിപോലെ ആവശ്യക്കാരേറെയുള്ള കോഴിയിറച്ചിയുടെ വില ക്രിസ്മസ് അടുത്തതോടെ കുതിച്ചു. കഴിഞ്ഞ ദിവസം വരെ 135 രൂപവിലയുണ്ടായിരുന്ന കോഴിയിറച്ചിക്ക് ഇന്നലെ 145 രൂപയായി.
ഇന്ന് 150 രൂപയ്ക്കായിരിക്കും വില്പനയെന്നാണ് വ്യാപാരികൾ പറയുന്നത്. പക്ഷിപ്പനി ബാധയുള്ളതിനാൽ താറാവ് ഇറച്ചിയോട് പ്രിയം കുറവാണ്. കുട്ടനാടൻ താറാവിന് ജീവനോടെ വില്ക്കുന്നത് 250 രൂപയ്ക്കാണ്.
ഡ്രസ് ചെയ്ത് നൽകുന്നതിന് 350 രൂപയാണ്. പക്ഷിപനി മൂലം താറാവു വില്പനക്കാർ ഇത്തവണ വിപണിയിൽ വലിയ പ്രതീക്ഷവച്ചു പുലർത്തുന്നില്ല. ഇത്തവണ നാടൻ കോഴിക്ക് ആവശ്യക്കാരേറെയാണ്. 200 രൂപയാണ് നാടൻ കോഴിയുടെ വില.
മീൻ വിലയിലും വലിയ കുറവൊന്നുമില്ല. നൻമീന് 560 രൂപയും കേരതുണ്ടത്തിന് 420 രൂപയുമാണ് വില. കരിമീന്റെ വില 460ലെത്തി.
വറ്റ 260, ചൂര 160, മത്തി 120, അയല 130, കിളി 220, പുന്നാരൻ 260 എന്നിങ്ങനെയാണ് മീൻവില. പച്ചക്കറി വിലയും കാര്യമായി കുറഞ്ഞിട്ടില്ല. ഇതോടെ ഇത്തവണ ക്രിസ്മസ് വിരുന്നൊരുക്കാൻ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്.