സ്വന്തം ലേഖകൻ
തൃശൂർ: കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തഴയപ്പെട്ട യുവതലമുറ മുതിർന്ന നേതാക്കൾക്ക് ’യുവനേതാക്കളുടെ ചിതാഭസ്മം’ തപാലിൽ അയച്ചുകൊടുത്ത് പ്രതിഷേധം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾക്കു മാത്രമല്ല, മാധ്യമപ്രവർത്തകർക്കും പ്രതീകാൽകമായ ചിതാഭസ്മം അയച്ചുകൊടുത്തിട്ടുണ്ട്.
തടിയിൽ തീർത്ത ഭരണിയിൽ ഭസ്മം നിറച്ച് ചവന്ന പട്ടുകൊണ്ട് പൊതിഞ്ഞുകെട്ടി ടൈപ്പു ചെയ്ത കത്തു സഹിതമാണ് നേതാക്കൾക്കും മാധ്യമങ്ങൾക്കും കോണ്‍ഗ്രസിലെ യുവനേതാക്കൾ അയച്ചുകൊടുത്തിരിക്കുന്നത്.ചെറുപ്പക്കാരായ കോണ്‍ഗ്രസുകാരുടെ മരണാനന്തര ക്രിയകൾ 14 ന് തൃശൂർ ഡിസിസിയിൽ നടക്കുമെന്നു കത്തിൽ പറഞ്ഞിട്ടുണ്ട്.
കെപിസിസി പട്ടികയിൽ ഉൾപെട്ട 70 വയസു തികഞ്ഞ ചെറുപ്പക്കാരായ നേതാക്കളാണ് ശേഷക്രയികൾക്കു നേതൃത്വം നൽകുക. ഈ കാർമികർക്ക് വീൽചെയറും ഉൗന്നുവടിയും സമ്മാനിക്കുമെന്നും കത്തിൽ പറയുന്നു.കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ പടയൊരുക്കം 15, 16 തീയതികളിൽ തൃശൂർ ജില്ലയിൽ പര്യടനം നടത്താനിരിക്കേയാണ് യുവനേതാക്കളുടെ ഇങ്ങനെയുള്ള പ്രതികരണം.
കത്ത് തുടങ്ങുന്നത് ഇങ്ങനെ: ബഹുമാനപ്പെട്ട നേതാവേ, തൃശൂർ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിൽ 25 കൊല്ലമായി പ്രവർത്തിക്കുന്ന ചെറുപ്പക്കാരുടെ ചിതാഭസ്മമാണ് ഇതോടൊപ്പം. സമീപത്തെ പുഴയിൽ നിങ്ങളുടെ കൈകൊണ്ട് ഒഴുക്കാൻ താൽപര്യപ്പെടുന്നു.
1957 ൽ 25 വയസുള്ളപ്പോൾ എംഎൽഎയും എംപിയുമായി 60 വർഷത്തിനുശേഷം 2017 ലും മരിക്കുംവരെ എംഎൽഎയും എംപിയുമായി തുടരാൻ ആഗ്രഹിക്കുന്ന നേതാക്കൾ പാർട്ടിയിൽ ഇനി ഒരു ചെറുപ്പക്കാരനും ഒരു പദവിയിലും എത്തരുതെന്ന വാശിയിലാണ്. 37 ാം വയസിൽ മുഖ്യമന്ത്രിയും 40 ാം വയസിൽ കെപിസിസി പ്രസിഡന്റും ആയവരും ചെറുപ്പക്കാരുടെ രാഷ്ട്രീയ മരണാനന്തര ചടങ്ങുകൾ ആഗ്രഹിക്കുന്നവരാണ്.
തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച സ്ഥാനാർഥികളെ തോൽപിക്കാൻ അഹോരാത്രം പണിയെടുത്തവരാണ് ഈ മുതുമുത്തച്ഛ·ാർ. ചെറുപ്പക്കാരുടെ പേരു പറഞ്ഞ് ഡിസിസിയിലെ പ്രധാനസ്ഥാനം ഏറ്റെടുത്ത മഹാനാണ് ശേഷക്രിയകൾക്കു മുഖ്യകാർമികനാകുകയെന്ന് കത്തിൽ പറയുന്നു.