ന്യൂഡൽഹി: അഴിമതിക്കേസിൽ അറസ്റ്റിലായ കോണ്ഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം തടവിൽ കഴിയുന്നത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത സെല്ലിൽ. ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെ ലോക്ക്-അപ്പിൽ മൂന്നാം നന്പർ മുറിയിലാണ് ചിദംബരത്തെ കഴിഞ്ഞ ഒരു രാത്രി മുഴുവൻ സൂക്ഷിച്ചത്. ഇവിടെ അദ്ദേഹത്തെ രാത്രിയിൽ ചോദ്യം ചെയ്യുകയും ചെയ്തു.
2011 ൽ കോണ്ഗ്രസ് മന്ത്രിസഭയുടെ കാലത്ത് ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ലോക്ക്-അപ്പ് സ്യൂട്ട് 3 ഉദ്ഘാടനം ചെയ്തത്. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അദ്ദേഹം ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിനൊപ്പം കെട്ടിടവും അതിന്റെ ലോക്കപ്പ് സൗകര്യങ്ങളും സന്ദർശിക്കുകയും ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ ചിദംബരത്തെ ബുധനാഴ്ച രാത്രിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിനായി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു.
ഇന്നലെ രാത്രി ഒന്പതിനുശേഷം സിബിഐ സംഘം ഡൽഹി ജോർബാഗിലുള്ള ചിദംബരത്തിന്റെ വസതിയുടെ മതിൽചാടിക്കടന്ന് അകത്തെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.സിബിഐ ഉദ്യോഗസ്ഥർ തെരയുന്നതിനിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയ ചിദംബരം അവിടെ പത്രസമ്മേളനം നടത്തി. താൻ ഒളിച്ചോടിയിട്ടില്ലെന്നും തനിക്കെതിരേ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നു ചിദംബരം അദ്ദേഹത്തിന്റെ വസതിയിലെത്തി. അദ്ദേഹത്തിന്റെ അഭിഭാഷകരായ കപിൽ സിബൽ, മനു അഭിഷേക് സിംഘ്വി എന്നിവരും കൂടെയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീട്ടിലെത്തിയത്. ഗേറ്റ് പൂട്ടിക്കിടന്നതിനാൽ മതിൽ ചാടിക്കടന്ന അവർ വീടിനു പു റത്തു കാത്തുനിന്നു.
പിന്നീട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും ഡൽഹി പോലീസ് സംഘവും ചിദംബരത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ചിദംബരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ സിബിഐയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും(ഇഡി) അറസ്റ്റ് നടപടികൾ ഊർജിതമാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ നിരവധി തവണ ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം അദ്ദേ ഹത്തിനെതിരേ ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.