തിരുവനന്തപുരം: കൊല്ലം ചിതറ വളവുപച്ചയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഷാജഹാൻ സിപിഎമ്മുകാരനെന്ന് സഹോദരന്റെ വെളിപ്പെടുത്തൽ. ഷാജഹാനെ കോൺഗ്രസുകാരനാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും സഹോദരൻ സുലൈമാൻ ആരോപിച്ചു. വാർത്താ ചാനലിനോടാണ് സുലൈമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാൽ സിപിഎം ആരോപണം കോൺഗ്രസ് നിഷേധിക്കുകയും ചെയ്തു. കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമാണെന്ന സിപിഎമ്മിന്റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരിയും നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ സഹോദരൻ തന്നെ പ്രതി സിപിഎമ്മുകാരനാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ചിതറ കൊലപാതകം പെരിയ കൊലപാതകങ്ങള്‍ക്കുള്ള പ്രതികാരമാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ രംഗത്തുവന്നിരുന്നു.
അതേസമയം ബഷീറിനെ കൊന്നത് പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്റെ മൊഴി. തെളിവെടുപ്പിനിടെയാണ് ഷാജഹാൻ ഇങ്ങനെ മൊഴി നൽകിയത്. കൊല്ലാൻ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും ഷാജഹാൻ സമ്മതിച്ചു. ഷാജഹാനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും.