ന്യൂഡൽഹി: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ആരൊക്കെ പങ്കെടുക്കണമെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ തീരുമാനിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ. ടീം തെരഞ്ഞെടുപ്പില്‍ മന്ത്രാലയം ഇടപെടില്ലെന്നും പരാതികളുണ്ടെങ്കിൽ താരങ്ങൾക്ക് മന്ത്രാലയത്തെ സമീപിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ അത്ലറ്റിക്സ് ഫെഡറേഷനോട് മന്ത്രി വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് മന്ത്രിയുടെ പ്രതികരണം.
ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പ് 1500 മീറ്ററിൽ മിന്നും പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് കേരളത്തിന്റെ പി.യു. ചിത്രയെ ഉൾപ്പെടുത്താതെ ലോക ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞിരുന്നു.