ചെന്നൈ: സീരിയൽ താരം വി.ജെ. ചിത്രയുടെ മരണത്തിൽ പ്രതിശുത വരൻ ഹേംനാഥ് അറസ്റ്റിൽ.
തുടർച്ചയായി അഞ്ച് ദിവസം ഹേംനാഥിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും.
ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദത്തെ തുടർന്നാണ് ചിത്ര ജീവനൊടുക്കിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
കഴിഞ്ഞ ബുധനാഴ്ചയാണ് നസ്രത്ത്പെട്ടിലെ ഹോട്ടലിൽ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് തൊട്ട് മുൻപ് ചിത്ര അമ്മയുമായി കലഹത്തിലേർപ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ അമ്മ വിജയ ഇത് നിരസിച്ചു.
ഹേംനാഥ് സീരിയൽ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
ഇത് വീട്ടിൽ അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു.
എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം രജിസ്റ്റർ ചെയ്തു.
ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പോലീസിന്റെ നിഗമനം.