ദോഹ: 23-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി കേരളത്തിന്റെ സ്വർണചിത്രം. വനിതകളുടെ 1500 മീറ്ററിൽ മലയാളികളുടെ അഭിമാനമായ പി.യു. ചിത്ര സ്വർണത്തിൽ മുത്തമിട്ടു. 4:14.56 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ചിത്ര സ്വർണം കരസ്ഥമാക്കിയത്.
ലോക ചാന്പ്യൻഷിപ്പിനുള്ള യോഗ്യതയും ചിത്ര സ്വന്തമാക്കി. ഇന്ത്യയുടെ അക്കൗണ്ടിൽ എത്തുന്ന മൂന്നാമത് സ്വർണമാണിത്. വനിതകളുടെ 800 മീറ്ററിൽ ഗോമതി മാരിമുത്തുവും പുരുഷവിഭാഗം ഷോട്ട്പുട്ടിൽ തേജീന്ദർപാൽ സിംഗും ഇന്ത്യക്കായി സ്വർണ മെഡൽ കഴുത്തിലണിഞ്ഞിരുന്നു. ബെഹ്റിന്റെ തിഗെസ്റ്റ് ഗഷൊ (4:14.81 സെക്കൻഡ്) വിൻഫ്രെഡ് മുത്ലി യവി (4:16.18 സെക്കൻഡ്) എന്നിവരെ രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചിത്ര വെന്നിക്കൊടി പാറിച്ചത്.
ബെഹ്റിൻ താരവുമായുള്ള (തിഗെസ്റ്റ്) പോരാട്ടം വാശിയേറിയതായിരുന്നു. മത്സരത്തിന്റെ അവസാന ഭാഗമായപ്പോൾ നെർവസ് ആയി. തിഗെസ്റ്റ് ഏഷ്യൻ ഗെയിംസിൽ എന്നെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. അതുകൊണ്ട് അവസാന മീറ്ററുകളിൽ ശക്തമായ പോരാട്ടം കാഴ്ചവച്ചു – ചിത്ര പറഞ്ഞു.
പുരുഷ വിഭാഗം 1500 മീറ്ററിൽ ഇന്ത്യക്കായി അജയ് കുമാർ സരോജ് (3:43.18 സെക്കൻഡ്) വെള്ളി സ്വന്തമാക്കി. സീസണിലെ മികച്ച സമയത്തോടെയാണ് അജയ് കുമാറിന്റെ വെള്ളിനേട്ടം.
ഓടിനേടി ദ്യുതി
വനിതകളുടെ 200 മീറ്ററിൽ ഇന്നലെ ഇന്ത്യക്കായി ദ്യുതി ചന്ദ് വെങ്കലം കരസ്ഥമാക്കി. അവസാന മീറ്ററുകളിൽ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് ഇന്ത്യൻ താരം മെഡലണിഞ്ഞത്. 100 മീറ്ററിൽ രണ്ട് തവണ ദേശീയ റിക്കാർഡ് തിരുത്തിയെങ്കിലും ദ്യുതിക്ക് മെഡൽ നേടാൻ സാധിച്ചിരുന്നില്ല.
23.24 സെക്കൻഡിലാണ് ദ്യുതി ഫിനിഷിംഗ് ലൈൻ കടന്നത്. ബെഹ്റിന്റെ സാൽവ നസീർ ചാന്പ്യൻഷിപ്പ് റിക്കാർഡോടെ (22.74 സെക്കൻഡ്) സ്വർണവും കസാക്കിസ്ഥാന്റെ ഓൾഗ സഫ്രൊനോവ (22.87 സെക്കൻഡ്) വെള്ളിയും സ്വന്തമാക്കി.
വനിതാ വിഭാഗം ഡിസ്കസ്ത്രോയിൽ ഇന്ത്യയുടെ നവജീത് ധില്ലണ് (57.47 മീറ്റർ) നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ചൈനയുടെ ബിൻ ഫെങ് (65.36 മീറ്റർ) ചാന്പ്യൻഷിപ്പ് റിക്കാർഡോടെ സ്വർണം സ്വന്തമാക്കി.
വനിതകളുടെ 4-100 മീറ്റർ റിലേയിൽ ഇന്ത്യക്ക് മെഡൽ നേടാൻ സാധിക്കാതിരുന്നപ്പോൾ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി ലഭിച്ചു. അവസാന ലാപ്പിൽ ബാറ്റണ് കൈമാറുന്നതിൽ ചെറിയ പിഴവ് സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യക്ക് സ്വർണം നേടാൻ സാധിക്കുമായിരുന്നു.
3:16.47 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻകടന്നാണ് ഇന്ത്യൻ മിക്സഡ് ടീം വെള്ളിയണിഞ്ഞത്. 3:15.75 സെക്കൻഡുമായി ബെഹ്റിൻ സ്വർണം കരസ്ഥമാക്കി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി.കെ. വിസ്മയ, എം.ആർ. പൂവമ്മ, ആരോക്യ രാജീവ് എന്നിവരാണ് മിക്സഡ് റിലേയിൽ പങ്കെടുത്തത്.
വനിതാ 4×400 മീറ്റർ റിലേയിലും ഇന്ത്യ വെള്ളി നേടി. പ്രാചി, പൂവമ്മ, സരിതബെൻ ഗെയ്ക്വാദ്, വി.കെ. വിസ്മയ എന്നിവരാണ് ഇന്ത്യക്കായി ഇറങ്ങിയത്. 3:32.21 സെക്കൻഡിലാണ് ഇന്ത്യ വെള്ളിയിലേക്ക് ബാറ്റണ് കൈമാറിയെത്തിയത്.
മൂന്നാം ദിനത്തിലെ അവസാന ഇനമായിരുന്ന വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ സഞ്ജീവനി ബാബുറാവു ജാദവ് വെങ്കലത്തിലെത്തിയിരുന്നു (32:44.96 സെക്കൻഡ്).