പുതിയതെരു: ജാതിവിവേചനത്തിനെതിരേ സിപിഎം പാർട്ടി ഗ്രാമത്തിൽ സമരം ചെയ്ത ദളിത് വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയുടെ അനിശ്ചിതകാല കുടിൽകെട്ടി സമരം തുടങ്ങി. രണ്ടാം ദിവസമായ ഇന്ന് കെ.എം. ഷാജി എംഎൽഎയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും സമരപന്തലിൽ എത്തും.
ഇന്നലെ പയ്യന്നൂരിലെ മഹിളാകോൺഗ്രസ് പ്രവർത്തകർ ചിത്രലേഖയ്ക്കു പിന്തുണയുമായെത്തി. യുഡിഎഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി സർക്കാരാണ് ചിറക്കൽ പഞ്ചായത്തിലെ കാട്ടാന്പള്ളിയിൽ അഞ്ചുസെന്റ് സ്ഥലം അനുവദിച്ചത്. സ്ഥലം ലഭിച്ചിട്ടും പണം ഇല്ലെന്ന കാരണത്താലാണ് കെ.എം.ഷാജി എംഎൽഎയുടെ നേതൃത്വത്തിൽ അബുദാബിയിലെ ഗ്രീൻവോയ്സിന്റെ സഹായം ലഭ്യമാക്കിയത്.
നേരത്തെ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാത്ത സാഹചര്യത്തിൽ 2015ൽ നാലു മാസത്തോളം കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കുടിലുകെട്ടി ചിത്രലേഖ രാപകൽസമരം നടത്തിയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും സമരം നടത്തി. ഇതിനെതുടർന്നാണ് എല്ലാ സാഹചര്യങ്ങളും പരിശോധിച്ചതിനുശേഷം യുഡിഎഫ് സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് ഭൂമിയും വീടും നിർമിക്കാൻ ധനസഹായവും അനുവദിച്ചത്.
അനുവദിച്ച ഭീമിയിൽ വീട് നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്പോഴാണ് സ്ഥലം അനുവദിച്ച തീരുമാനം ഈ മാസം ആദ്യവാരം റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി റദ്ദാക്കിയത്. റദ്ദാക്കിയ നടപടിക്കെതിരേ കോടതിയെ സമീപിച്ചിരിക്കയാണ് ചിത്രലേഖ. കഴിഞ്ഞ ആഴ്ച ഷറഫുദ്ദീൻ കാട്ടാന്പള്ളി, റിജിൽമാക്കുറ്റി എന്നിവരുടെ നേതൃത്വത്തിൽ സൺഷേഡ് കോൺക്രീറ്റ് നടന്നിരുന്നു.
അതേസമയം റദ്ദാക്കിയ ഭൂമിയിൽ കുടിൽകെട്ടി സമരം നടത്തുന്നതിനെതിരേ നടപടികൾ ശക്തമാക്കാൻ പോലീസിൽ സമ്മർദം ഏറുകയാണ്. അറസ്റ്റ് ചെയ്തുമാറ്റാൻ വളപട്ടണം പോലീസിൽ സമ്മർദം ഏറുകയാണ്. സംഘർഷ സാഹചര്യവും മറ്റും യുഡിഎഫിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും മറുഭാഗ്തതുണ്ട്. മുതിർന്ന യുഡിഎഫ് നേതാക്കൾ വരുംദിവസങ്ങളിൽ പ്രവർത്തകർ പ്രദേശത്ത് ഉണ്ടാവണമെന്ന് യുഡിഎഫും നിർദേശം നൽകിയിട്ടുണ്ട്.